BREAKING NEWSKERALA

തൃപ്പൂണിത്തുറയെ ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ

കൊച്ചി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷായുടെ പ്രചാരണം. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായുടെ വരവില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശം നിറഞ്ഞ് സ്ഥലത്തെത്തിയത്. പിഎസ്‌സി മുന്‍ അധ്യക്ഷന്‍ ഡോ കെ എസ് രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ എന്നിവരാണ് അമിത് ഷായ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മറുപടി നല്‍കി. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നു പിണറായി വ്യക്തമാക്കണം. അയാളെ നിയമിച്ചത് ആരെന്നും വ്യക്തമാക്കണം. കേരളത്തില്‍ തുടര്‍ ഭരണം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ശബരിമലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ബിജെപി മികച്ച പ്രകടനമാകും ഇത്തവണ കാഴ്ചവയ്ക്കുകയെന്നും അമിത് ഷാ പറഞ്ഞു.
അമിത്ഷായെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയില്‍ നടത്തിയത്. തെയ്യം, സ്ത്രീകളുടെ ശിങ്കാരിമേളം, പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോ എന്‍ഡിഎ പ്രവര്‍ത്തകരെ ആവേശത്തിലാക്കി.
അടുത്തത് കാഞ്ഞിരപ്പള്ളിയിലാണ് അമിത് ഷായുടെ പരിപാടി. പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് മൈതാനത്തു നടക്കുന്ന പ്രചാരണ പൊതുയോഗത്തില്‍ അമിത് ഷാ പ്രസംഗിക്കും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എപിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്കു 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക് തിരിക്കും. 2.30ന് അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.
4.35ന് പാലക്കാട് ജില്ലയില്‍ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയില്‍ പങ്കെടുക്കും. പാലക്കാട്ട് ഇ.ശ്രീധരനും മലമ്പുഴയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. 5.45ന് അമിത് ഷാ കോയമ്പത്തൂരിലേക്ക് തിരിക്കും. ചൊവ്വാഴ്ച കേരളത്തില്‍ എത്തിയതിന് പിന്നാലെ എറണാകുളം തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി.

Related Articles

Back to top button