
താരങ്ങളുടെ പ്രതിഫല വിഷയം ചർച്ച ചെയ്യാൻ അമ്മ നിർവാഹക സമിതി ഇന്ന് യോഗം ചേരും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള യോഗത്തിൽ, അമ്മ പ്രസിഡന്റ് മോഹൻലാൽ വിഡിയോ കോൺഫറൻസിലൂടെയാവും യോഗത്തിൽ പങ്കെടുക്കുക.
കൊവിഡ് പശ്ചാത്തലത്തിൽ അമ്മയുടെ ജനറൽ ബോഡി യോഗം നേരത്തെ മാറ്റിവച്ചിരുന്നു. എന്നാൽ, സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് അമ്മ നിർവാഹക സമിതി യോഗം ഉടൻ ചേരാൻ തീരുമാനിച്ചത്. ചെന്നെയിലുള്ള പ്രസിഡന്റ് മോഹൻലാൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.മോഹൻലാൽ തിരിച്ചെത്തിയ ശേഷം യോഗം ചേരാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാൽ, പുതിയ സിനിമകളുടെ അടക്കം ചിത്രീകരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി യോഗം ചേരുന്നത്. പുതിയ സിനിമ വിവാദങ്ങളും ചർച്ചയാകും. പ്രതിഫലം കുറയ്ക്കണമെന്ന വിഷയം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പരസ്യമായി ഉന്നയിച്ചതിൽ താര സംഘടന നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. പ്രതിഫല വിഷയത്തിൽ ഫെഫ്ക അനുകൂല നിലപാട് അറിയിച്ചിരുന്നെങ്കിലും യോഗം ചേർന്ന ശേഷം മാത്രം നിലപാട് അറിയിക്കാമെന്നായിരുന്നു താര സംഘടനയുടെ നിലപാട്.