ന്യൂഡല്‍ഹി: ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിട്ടു. 19 ദിവസം മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. സംഘടന വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിലാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പ്രസ്താവനയിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുന്നെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്.
തുടര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സര്‍ക്കാര്‍ ബോധപൂര്‍വം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാറാണ് പ്രതികരിച്ചിരിക്കുന്നത്.
നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തിവരുന്നത്.
2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു. യു.കെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സി.ബി.ഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.