ENTERTAINMENTMALAYALAM

‘അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്’; അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍. ‘അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പോടെ, കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.
’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് സോഷ്യല്‍ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ആ പെണ്‍കുട്ടി അവര്‍ക്കിഷ്ടമുള്ളതിട്ടാല്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം എന്നു നിരവധി പേര്‍ ചോദിക്കുന്നുണ്ട്. ഒടുവില്‍ സദാചാര കമന്റുകള്‍ക്ക് മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തി. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ,’ എന്ന അടിക്കുറിപ്പോടെ അതേ വേഷം അണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് അനശ്വര പങ്കുവച്ചു. നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പന്‍, മീര നന്ദന്‍, ദുര്‍ഗ കൃഷ്ണ, എസ്തര്‍ എന്നിവര്‍ക്കും സമാന രീതിയില്‍ വേഷത്തിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Tags

Related Articles

Back to top button
Close