കഴിഞ്ഞ ദിവസം നടി അനശ്വര രാജന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആയിരക്കണക്കിനു ‘സദാചാരവാദികള്‍’ സൈബര്‍ ആക്രമണവുമായെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. അനശ്വര പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റുകളുള്‍പ്പെടെ മോശം പ്രതികരണമായിരുന്നു ഉണ്ടായത്. എന്നാല്‍ ഇതൊന്നും കണ്ട് അനശ്വര മിണ്ടാതിരുന്നില്ല. മറുപടിയുമായി തന്റെ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്നതില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ ആശങ്കയിലാക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഓര്‍ത്ത് ആശങ്കപ്പെടൂ’എന്നാണ് അനശ്വര മറുപടി നല്‍കിയത്. സംഭവത്തെ കുറിച്ച് അനശ്വര ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
ആദ്യത്തെ കുറച്ചു കമന്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തനിക്കതിന്റെ സ്വഭാവം മനസ്സിലാവുകയും അവഗണിക്കുകയും ചെയ്യാമെന്ന് വിചാരിക്കുകയും ചെയ്തു. പക്ഷെ പിന്നീട് തോന്നി കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന്, അപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ തന്നെ തീരുമാനിച്ചെന്ന് അനശ്വര രാജന് പറഞ്ഞു.
മാനസികമായി എന്നെ ഒട്ടും ഇക്കാര്യങ്ങള്‍ ബാധിച്ചില്ല. പക്ഷെ അത്ഭുതം തോന്നി, ഈ ഇരുപ്പത്തൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലും ഇതൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുവല്ലോ എന്നോര്ത്തെന്നും അനശ്വര പറഞ്ഞു.
തന്റെ മാതാപിതാക്കള്‍, കുടുംബം, അയല്‍വാസികള്‍, സഹപാഠികള്‍ എന്നിവരെല്ലാം ഒപ്പമുണ്ട്. ഞാന്‍ കുറച്ചു കമന്റുകള്‍ അച്ഛന് വായിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞത് അടുത്ത തവണ ഒരു ഷോര്‍ട്ട് ഡ്രസ് വാങ്ങിത്തരാമെന്നാണെന്നും അനശ്വര പറഞ്ഞു.