KERALALATEST

കൊല്ലപ്പെട്ടവര്‍ ആയുധം കരുതിയത് സ്വയരക്ഷയ്ക്ക്: സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന് അറിവുണ്ടെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇത് ആകസ്മികമായ സംഭവമല്ലെന്നും വളരെ ആലോചിച്ച് ആസൂത്രണം ചെയ്തതാണെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
കൊല്ലപ്പെട്ടവരുടെ കൈയിലും ആയുധമുണ്ടായിരുന്നുവെന്നതിനെ ഇദ്ദേഹം ന്യായീകരിച്ചു. നിരന്തരം സംഘര്‍ഷം നടക്കുന്നതിനാല്‍ സ്വയരക്ഷയെ കരുതിയാകാം ആയുധം കൈവശം വെച്ചത്. അല്ലെങ്കില്‍ അക്രമികളില്‍ നിന്ന് പിടിച്ചുവാങ്ങിയതാകാമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഇവര്‍ മറ്റാരെയും ആക്രമിക്കാന്‍ പോയതല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സ്ഥലത്തുവെച്ചാണ് ഇതിന്റെ ഗൂഡാലോചന നടന്നത്. സംഘര്‍ഷത്തിന്റെ ഭാഗമായി സംഭവിച്ചതല്ല, ഇത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ നടത്തിയ കൊലപാതകമാണ്. പരിശീലനം ലഭിച്ച ഗുണ്ടകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇത്. തിരുവോണ നാളില്‍ തന്നെ കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെ തന്നെ നീക്കങ്ങള്‍ നടത്തി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന് പങ്കുണ്ട്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് തേമ്പാമ്മൂട് എന്ന സ്ഥലത്ത് സംഘര്‍ഷങ്ങള്‍ ശക്തിയായി ഉയര്‍ന്നുവന്നത്. ഇവിടെ മുമ്പ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍നിന്ന് സി.പി.എമ്മിലേക്ക് ഒരു പറ്റം ചെറുപ്പക്കാര്‍ വന്നു. അങ്ങനെ വന്നവരില്‍ രണ്ടു പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിന്റെ രംഗപ്രവേശത്തോടെയാണ് വാളും വെട്ടുകത്തിയുമൊക്കെ സംഘര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇവിടെ മേല്‍കൈ കിട്ടിയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടാവുകയും അവര്‍ അന്നുതന്നെ സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ അവര്‍ വകവരുത്താന്‍ ശ്രമിച്ചു. ഈ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ എം.പിയായ അടൂര്‍പ്രകാശ് നേരിട്ട് ഇടപെട്ടു. പ്രതികള്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും കേസിലെ വകുപ്പുകള്‍ മാറ്റാനും ഇടപെട്ടത് അടൂര്‍ പ്രകാശാണ്. ഇതേകേസിലെ പ്രതികള്‍ തന്നെയാണ് ഇരട്ടക്കൊലപാതകത്തിലെയും മുഖ്യപ്രതികള്‍. കേസില്‍ അറസ്റ്റിലായവര്‍ എല്ലാവരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ഇതെല്ലാം അറിഞ്ഞിട്ടാണ് സംഭവം രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണെന്ന് പറയുന്നത്.
കേസില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വങ്ങള്‍ക്ക് ഇതില്‍ ബന്ധമുണ്ട്. വ്യക്തിപരമായ സംഭവത്തിന്റെ ഭാഗമായി ഉണ്ടായ സംഘര്‍ഷമെന്നാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ഇതിനാണ് ഡി.കെ മുരളി എംഎല്‍എയെ വലിച്ചിഴക്കുന്നതെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
കൊല്ലപ്പെട്ടത് ഗുണ്ടകളാണെന്ന് അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പലതരം നുണകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ. നേതാവ് റഹിം പോലീസ് സ്‌റ്റേഷനില്‍ വെച്ച് സാക്ഷിക്ക് പണം നല്‍കി സ്വാധീനിച്ചുവെന്ന് ആരോപണം ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്നതാണ്. സംഘര്‍ഷം ജില്ലയിലൊട്ടാകെ വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള വ്യാപകമായ പ്രചാരണവേലയും കോണ്‍ഗ്രസുകാര്‍ നടത്തുന്നുണ്ട്.
മുട്ടത്തറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ലീനയുടെ വീട് സി.പി.എമ്മുകാര്‍ ആക്രമിച്ചുവെന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്. അങ്ങേയറ്റത്തെ പച്ചനുണയാണ് ഈ പ്രചാരണം. ഈ ആക്രമണത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ള ആളാണ് ഇവര്‍. അതിനാല്‍ ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker