കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര കാര്‍ഗോ സ്വര്‍ണക്കടത്ത് കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണറായ അനീഷ് ബി രാജനെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്.ഇദ്ദേഹത്തിന് ഇടതുമുന്നണിയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസ് വിവാദം ആരംഭിച്ച ആദ്യനാളുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് പി രാജന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനീഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്ത് എത്തി. ഇടതു നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് അന്ന് സുരേന്ദ്രന് ആരോപിച്ചിരുന്നു.
കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ പിന്നീട് പുനസംഘടിപ്പിച്ചപ്പോള്‍ അനീഷ് പി രാജന്റ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറങ്ങിയത്.