കോഴിക്കോട്: ആംബുലന്‍സ് സര്‍വീസ് മേഖല കുറ്റമറ്റതും നൈതികവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അനിവാര്യമായ സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആക്റ്റീവ് നെറ്റ് വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്സ് (എയ്ഞ്ചല്‍സ്) സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.
അടിയന്തര ചികിത്സ രംഗത്തെ ആശുപത്രി പൂര്‍വ്വ മേഖലയില്‍ പത്തു വര്‍ഷമായി സന്നദ്ധ സേവനം നടത്തുന്ന എന്‍ജിഒയാണ് എയ്ഞ്ചല്‍സ്. മലബാര്‍ മേഖലയില്‍ വിവിധങ്ങളായ സംരഭങ്ങള്‍ ശാസ്ത്രീയമായി നിര്‍വഹിച്ചു വരുന്നുണ്ട്. 102 എന്ന പൊതു നമ്പറില്‍ സംഘടിപ്പിക്കപ്പെട്ട വിശാലമായ ആംബുലന്‍സ് ശൃംഖലയും എയ്ഞ്ചല്‍സിനു കീഴില്‍ ഉണ്ടായിരുന്നു.
ആംബുലന്‍സുകളില്‍ സേവനം നടത്തേണ്ട ഡ്രൈവര്‍മാര്‍, മെഡിക്കല്‍ ടെക്നീഷ്യന്‍സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേക പരിശീലനം നേടിയവരാകണമെന്ന് എയ്ഞ്ചല്‍സ് എക്സി. ഡയരക്റ്റര് ഡോ. പി.പി. വേണുഗോപാല്‍ പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി മാനവികത, പ്രതിബദ്ധത എന്നിവ സ്വായത്തമാക്കിയവരുമാകണം അവര്‍. ജീവന്‍രക്ഷാ മണ്ഡലത്തില്‍ അത്യന്താപേക്ഷിത സാനിധ്യമാണ് ആംബുലന്ലുകള്. പ്രത്യേകിച്ച് ആശുപത്രികളിലേക്കുള്ള ദൂരത്തിനും സമയത്തിനുമിടയിലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ജീവന് രക്ഷാ ഉപകരണങ്ങള്‍, അണുനശീകരണം, മെയിന്റനന്‍സ് ഗുണഭേക്താവില് നിന്നും ഈടാക്കേണ്ട ചാര്‍ജുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ്
പ്രൊസീജ്യര്‍ ആംബുലന്‍സുകള്‍ക്കായി കൊണ്ടു വരേണ്ടതുണ്ടെന്ന് എയ്ഞ്ചല്‍സ് വൈസ് ചെയര്മാന് ഡോ. മെഹ്റൂഫ് രാജ് പറഞ്ഞു. ഒപ്പം എല്ലാ ആംബുലന്‍സുകളിലും ജിപിഎസ് സിസ്റ്റ്ം ഘടിപ്പിക്കുകയും വേണം. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന്റെയോ ഏജന്‍സിയുടേയോ മേല്നേട്ടത്തിലാക്കണം ആംബുലന്‍സുകളുടെ പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ നിര്‍ദ്ദേശം കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്ക്കും ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റിക്കു മുമ്പാകെയും രേഖാമൂലം എയ്ഞ്ചല്‍സ് നല്‍കിയിട്ടുള്ളതാണെന്നും മെഹ്റൂഫ് രാജ് പറഞ്ഞു.