തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന് (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു അന്ത്യം. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20ന് ജനനം. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകള്‍:ഉണ്ണിമായ.
ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.