BREAKING NEWSKERALA

കവിതയുടെ ഗൃഹാതുരതയും പ്രണയവും വിപ്ലവവും ഇനി ഓര്‍മ്മ

‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം…..’ വിപ്ലവം തുടിക്കുന്ന ഈ വരികള്‍ ഒരിക്കലെങ്കിലും ഒന്നു മൂളാത്ത മലയാളികളുണ്ടാവില്ല. ഈ വരികള്‍ കേരളം പലവട്ടം ഏറ്റുപാടിയിട്ടുണ്ട്. മനസില്‍ പതിഞ്ഞ വരികള്‍ ആസ്വാദകരെ എന്നും ആവേശം കൊള്ളിച്ചിരുന്നു. ഇന്നോളം കേട്ടിട്ടില്ലാത്ത വ്യത്യസ്തതയുമായാണ് അറബിക്കഥയിലെ ഗാനങ്ങള്‍ മലയാളിയിലേക്ക് എത്തിയത്. ‘താരക മലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ’ എന്ന് വിനീത് ശ്രീനിവാസന്‍ പാടിയപ്പോഴും ‘തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി’ എന്ന് യേശുദാസ് പാടിയപ്പോഴും ആ വരികളിലെ ഗൃഹാതുരതയും പ്രണയവും വിപ്ലവവുമാണ് കേള്‍വിക്കാരെ സ്വാധീനിച്ചത്.
പനച്ചൂരാന്റെ സിനിമകളെല്ലാം പതിവു രീതികളില്‍ നിന്ന് മാറിനടന്നവയായിരുന്നു. വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലന്റെ കഥ പറഞ്ഞ ‘കഥ പറയുമ്പോള്‍’ മുതലിങ്ങോട്ട് പുറത്തുവന്ന സിനിമകളെല്ലാം പ്രതിഭാധനനായ ആ കവിയുടെ കയ്യൊപ്പുകളായിരുന്നു. സൈക്കിളിലെ വര്‍ണപ്പൈങ്കിളി, ഭ്രമരത്തിലെ ‘കുഴലൂതും പൂന്തെന്നലേ’, കോക്ക്‌ടെയിലിലെ ‘നീയാം തണലിനു താഴെ’, സീനിയേഴ്‌സിലെ ‘ആരാമം നിറഞ്ഞേ’, ലോകം മുഴുവന്‍ ആരാധകരുണ്ടായ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ വ്യത്യസ്തതയ്ക്ക് ഉദാഹരണങ്ങളാണ്.
മലയാള കാവ്യലോകത്ത് വേണ്ടവിധം അടയാളപ്പെടുത്താതെ പോയ കവിയാണ് അനില്‍ പനച്ചൂരാനെന്നു നിസംശയം പറയാം. കാവ്യലോകത്തിലെ ആധുനിക കാല്‍പനിക കവിയായിരുന്നു അദ്ദേഹം. ഒരു കാല്‍പനിക കവിയുടെയും ആധുനിക കവിയുടെയും ഏറെ സ്വഭാവ സവിശേഷതകളും അദ്ദേഹത്തില്‍ നിര്‍ലീനമായിട്ടുണ്ട്. ‘അക്ഷേത്രിയുടെ ആത്മഗീതം’, ‘വലയില്‍ വീണ കിളികള്‍’, ‘ചോരവീണ മണ്ണില്‍’ എന്നിങ്ങനെ കാവ്യസമാഹാരങ്ങള്‍ പലരെയും അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി.
ആത്മഗീത സ്വഭാവവും ഗാനാത്മകതയും വൈയക്തികതയും വൈകാരികതയുടെ ഒഴുക്കും നാടന്‍ ശീലുകളോടുള്ള പ്രണയവും എല്ലാം പനച്ചൂരാന്റെ കവിതകളില്‍ കാണാം. ആധുനികതയുടെ പ്രബലഘടകങ്ങളായ ദു:ഖാത്മകത, അരാജകബോധം, സ്വാതന്ത്ര്യകാംക്ഷ, മരണാഭിമുഖ്യം, നാഗരികതയുടെ നിരാകരണം, ഗ്രാമവിശുദ്ധിയോടുള്ള പ്രണയം ഇവയെല്ലാം പനച്ചൂരാന്റെ കവിതയില്‍ അതിശക്തമാണ്. അലങ്കാരങ്ങളുടെ കുറവും ബിംബാത്മകതയുടെ സമൃദ്ധിയും എല്ലാം ഇതുമായി ചേര്‍ത്ത് വായിക്കാം. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകവിതകള്‍ എഴുതിയ കവിയാണ് പനച്ചൂരാന്‍. ചകിത കാമുകത്വത്തെക്കുറിച്ച് പനച്ചൂരാന്‍ ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്. ‘വലയില്‍ വീണ കിളി’കളില്‍ പോലും നമുക്കത് കാണാം. തെരുവുജീവിതവും സന്യാസജീവിതവുമെല്ലാം കവിയെ സംബന്ധിച്ചിടത്തോളം ജീവിത അന്വേഷണ വഴികളല്ലാതെ മറ്റൊന്നുമല്ല. ‘അനാഥന്‍’ മലയാളിയെ കീഴ്‌മേല്‍ മറിച്ചതിന്റെ കാരണവും ഇതുതന്നെ.

Related Articles

Back to top button