KERALALATEST

നീതു ജോൺസന്റെ പേരിലുള്ള കത്ത്: അനിൽ അക്കരയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

 

തൃശൂർ: ലൈഫ് മിഷനില്‍ വീട് കിട്ടാന്‍ കാത്തിരിക്കുന്നതായി നവമാധ്യമങ്ങളില്‍ പ്രചരിച്ച നീതു ജോണ്‍സന്റെ പേരിലുള്ള കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

വടക്കാഞ്ചേരി പൊലീസാണ് കേസെടുത്തത്. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു. ലെെഫ് മിഷൻ ഇടപാടിൽ അഴിമതിയുണ്ടെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലെെഫ് മിഷൻ ഫ്ലാറ്റ് കിട്ടുന്നതിനു തടസം നിൽക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നീതു ജോൺസന്റെ പേരിൽ കത്ത് പ്രചരിച്ചത്.

കത്തിന്റെ ഉടമയായ നീതു ജോൺസനെ കണ്ടെത്താൻ അനില്‍ അക്കര എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എന്നാൽ, നീതു ജോൺസനെന്ന പേരിൽ ആരും എത്തിയില്ല. നീതു നേരിട്ടെത്തിയാൽ വീട് നിർമിച്ചു നൽകാമെന്നാണ് അനിൽ അക്കര എംഎൽഎ പ്രഖ്യാപിച്ചത്. ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എംഎല്‍എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലായിരുന്നു കത്ത്.

കുട്ടി വടക്കാ‍ഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാൽ ആ പേരിലൊരു കുട്ടി ഈ സ്കൂളിൽ പഠിക്കുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോൺസന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയിൽ രണ്ട് മണിക്കൂർ റോഡരികിൽ കാത്തിരിക്കുമെന്നു അനിൽ അക്കര പ്രഖ്യാപിച്ചത്.

Related Articles

Back to top button