KERALALATEST

സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കരയും ആശുപത്രിയിലെത്തി, എന്തിനെന്ന് എന്‍ഐഎ

തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അനില്‍ അക്കരെ എംഎല്‍എയും ആശുപത്രിയിലെത്തിയത് എന്‍ഐഎ അന്വേഷിക്കുന്നു. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനില്‍ അക്കര എംഎല്‍എ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയ എന്‍ഐഎ ഇത് എന്തിനെന്ന് എംഎല്‍എയോട് ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനെന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി.
നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്ന് സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും ആരോപിച്ച് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എംഎല്‍എ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. ഇതിനിടെയാണ് എന്‍ഐഎ, എംഎല്‍എയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഫോണ്‍വിളികളെക്കുറിച്ചും മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. അതേ സമയം നഴ്‌സുമാര്‍ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയില്‍ ചിലവിട്ടത്. ഈ സമയത്ത് ചില ഇടത് അനുഭാവികളായ നഴ്‌സുമാരുടേ ഫോണ്‍ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നതെന്നായിരുന്നു അനില്‍ അക്കരെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്.

Related Articles

Back to top button