തൃശ്ശൂര്‍: വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണം കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നു. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര സാത്താന്റെ സന്തതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു. എന്നാല്‍ സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് ബേബി ജോണിന് മറുപടി നല്കി അനില്‍ അക്കരയും രംഗത്ത് വന്നു.
വടക്കാഞ്ചേരി ഫ്ളാറ്റ് വിവാദത്തില്‍ സിപിഎം നടത്തിയ സത്യഗ്രഹത്തിലാണ് ബേബി ജോണ്‍ അനില്‍ അക്കരെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണം മുടക്കുന്നത് സ്ഥലം എംഎല്‍എയായ അനില്‍ അക്കരയാണെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യം വിശദീകരിക്കാനാണ് സിപിഎം സത്യഗ്രഹം സംഘടിപ്പിച്ചത്.
സ്വപ്നയ്ക്ക് ഒരു കോടി കിട്ടിയെങ്കില്‍ തനിക്കും കിട്ടണ്ടേയെന്നാണ് എംഎല്‍എയുടെ ചിന്തയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബേബി ജോണ്‍ പറഞ്ഞു. പദ്ധതിയില്‍ നിന്ന് കമ്മീഷന് ലഭിക്കാത്തതാണ് അനില്‍ അക്കരയെ പ്രകോപിപ്പിച്ചതെന്നും ബേബി ജോണ്‍ കുറ്റപ്പെടുത്തി.
അതേസമയം തന്റെ മുഖം ക്രിസ്തുവിന്റെതാണോ സാത്താന്റേതാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്നും സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു.