BUSINESS NEWSBUSINESS

കടക്കെണി; അനില്‍ അംബാനിയുടെ ജാമ്യവസ്തുക്കള്‍ കണ്ടു കെട്ടിയേക്കും

മുംബൈ: കടക്കെണിയില്‍ നട്ടം തിരിയുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമഅനില്‍ അംബാനി ഇന്ത്യയിലും വിദേശത്തും കൂടുതല്‍ നിയമ നടപടികള്‍ നേരിടുകയാണ്. എസ്ബിഐയില്‍ നിന്ന് എടുത്ത 1,200 കോടിയോളം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ പാപ്പരത്ത നിയമപ്രകാരം സ്വത്തുക്കള്‍ കണ്ടു കെട്ടിയേക്കും എന്ന് സൂചനയുണ്ട്.
2015 ലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് വായ്പയ്ക്കായി അനില്‍ അംബാനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിക്കുന്നത്. 565 കോടി രൂപ ആര്‍കോമിനും 635 കോടി രൂപ ആര്‍ഐടിഎല്ലിനും വേണ്ടിയായിരുന്നു ലോണ്‍. അനില്‍ അംബാനിയുടെ വ്യക്തിപരമായ ഗ്യാരണ്ടിയില്‍ ബാങ്ക് 1,200 കോടി രൂപ വായ്പ അനുവദിയ്ക്കുകയായിരുന്നു.
ഈ ലോണിന്റെ തിരിച്ചടവ് വര്‍ഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. എസ്ബിഐ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീച്ചതിനാല്‍ അനില്‍ അംബാനി കൂടുതല്‍ പ്രതിരോധത്തില്‍ ആയി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലെ കമ്പനികള്‍ എല്ലാം കടക്കെണിയില്‍ ആണ്. കടം വീട്ടാന്‍ ഈടുവെച്ച ഗ്യാരണ്ടികള്‍ ഉപയോഗിയ്ക്കാന്‍ ബാങ്കിനാകും.
വായ്പാ തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെതിരെ യെസ് ബാങ്ക് അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനവും തെക്കന്‍ മുംബൈയിലെ രണ്ട് ഓഫീസുകളുംബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് അനുവദിച്ച 2,892 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു നടപടി. മൂന്ന് ചൈനീസ് ബാങ്കുളില്‍ നിന്നായി എടുത്ത 71.7 കോടി ഡോളര്‍ അനില്‍ അംബാനി തിരിച്ചടച്ചിട്ടില്ല.

Tags

Related Articles

Back to top button
Close