BREAKING NEWSKERALALATEST

പഴയ ‘സൗഹൃദവും കഥകളും’ പറഞ്ഞ് കോടിയേരിക്ക് അനില്‍ നമ്പ്യാരുടെ തുറന്ന കത്ത്‌

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തെഴുതിയിരിക്കുകയാണ്. കത്ത് ഇപ്രകാരമാണ്.

പ്രിയപ്പെട്ട കോടിയേരി,

താങ്കള്‍ ദീര്‍ഘകാലം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത തലശ്ശേരി മണ്ഡലത്തിലെ ഒരു മുന്‍ വോട്ടറാണ് ഞാന്‍. ഒപ്പം താങ്കള്‍ക്ക് വ്യക്തിപരമായി അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ്. ഞാന്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തുടങ്ങിയ താങ്കളുമായുള്ള സൗഹൃദം ഇപ്പൊഴും അതിന്റെ വിശുദ്ധിയില്‍ തുടരുന്നുമുണ്ട്. പരസ്പരം അറിയാമെന്നിരിക്കെ, താങ്കള്‍ സംസ്ഥാന സെക്രട്ടറിയായുള്ള പാര്‍ട്ടി സ്വര്‍ണ്ണക്കടത്ത്
കേസുമായി ബന്ധപ്പെടുത്തി അനവസരത്തിലും രാഷ്ട്രീയപ്രേരിതമായും ദുഷ്ടലാക്കോടെയും എന്റെ പേര് വലിച്ചിഴക്കുന്നതിലെ അമര്‍ഷം രേഖപ്പെടുത്താനാണ് ഈ തുറന്ന കത്ത്.
സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ കസ്റ്റംസ് എന്റെ മൊഴിയെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ചില വാര്‍ത്തകള്‍ നിജമാണെന്ന രീതിയില്‍ ഫോട്ടോ സഹിതം എഴുതിപ്പിടിപ്പിച്ചിരുന്നു.ഞാന്‍ പത്രത്തിനെതിരെ വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്.മറുപടി കാത്തിരിക്കുന്നു. വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ആഗസ്ത് മാസം ഒമ്പതാം തീയ്യതി ഞാന്‍ താങ്കളുടെ മൊബൈല്‍ ഫോണിലേക്ക് വിളിക്കുകയും
തൊട്ടടുത്ത ദിവസം താങ്കള്‍ തിരിച്ചുവിളിച്ച് ദീര്‍ഘനേരം എനിക്ക് പറയാനുള്ളത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചെയ്തിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ താങ്കളെ പാര്‍ട്ടിയിലെ ചിലര്‍ സമീപിച്ചതായും താങ്കള്‍ അത് മൈന്റ് ചെയ്തില്ലെന്നും അതിലൊന്നും കഥയില്ലെന്ന് താങ്കള്‍ അവരെ അറിയിച്ചതായും ഫോണ്‍ സംഭാഷണത്തിനിടയില്‍ താങ്കള്‍ പരാമര്‍ശിച്ചിരുന്നു. ‘ഒരു മാധ്യമ പ്രവര്‍ത്തകനാകുമ്പോള്‍ പലരെയും വിളിക്കും.’കൈരളി’യിലെയും ‘ദേശാഭിമാനി’യിലെയും റിപ്പോട്ടര്‍മാര്‍ സ്വപ്നയെ വിളിച്ചില്ലെന്ന് എങ്ങിനെ പറയാനാവും? അതുകൊണ്ട് നിങ്ങളെ ഞങ്ങള്‍ ഒരു വിഷയമേയാക്കുന്നില്ലെ’ന്നായിരുന്നു താങ്കളുടെ പ്രതികരണം.
യാഥാര്‍ത്ഥ്യം താങ്കളെ ബോധ്യപ്പെടുത്താനായതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ് അന്ന് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷെ കസ്റ്റംസ് എന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ എനിക്കെതിരെ പരുഷമായ പരാമര്‍ശങ്ങളുണ്ടായി. ജനം ടിവി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്നലെയും ഇന്നും, കസ്റ്റംസ് എന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത് ദുരൂഹമെന്നൊക്കെ പറഞ്ഞു കൊണ്ടുള്ള പ്രസ്താവനകള്‍ ഇറക്കിയതായി കണ്ടു. സ്വാഭാവികമായും താങ്കളുടെ അറിവോടെയായിരിക്കുമല്ലോ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പുകള്‍ പുറത്തിറക്കുന്നത്.
ഞാന്‍ വഴി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ ഈ വിവാദത്തിലുള്‍പ്പെടുത്താനുള്ള വ്യഥാ ശ്രമമാണ് താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട കോടിയേരി, താങ്കള്‍ നേരത്തെ ഫോണില്‍ പരാമര്‍ശിച്ചത് പോലെ അതിലൊരു കഥയുമില്ല.
സിപിഎം പോലുള്ള ഒരു പ്രസ്ഥാനത്തിന് നിലപാടുകളുടെയും മറുപടികളുടെയും ദൗര്‍ല്ലഭ്യമോയെന്ന് അണികള്‍ ശങ്കിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
ഇത്രയും രാഷട്രീയ പാപ്പരത്തം അനുഭവിക്കുകയാണോ താങ്കളുടെ പാര്‍ട്ടി ! തുടരെത്തുടരെ വാര്‍ത്താപ്രാധാന്യം നല്‍കി എന്നെ ഇനിയും ഒരു സംഭവമാക്കി മാറ്റരുതേയെന്ന അഭ്യര്‍ത്ഥന മാത്രമേ മുന്നോട്ട് വെക്കാനുള്ളൂ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം എന്നെ ഒരു കരുവാക്കിയും ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തും അദ്ദേഹമെന്തോ പാതകം ചെയ്‌തെന്ന് ദ്യോതിപ്പിക്കും വിധം പ്രസ്താവനകളിറക്കുന്നതും അങ്ങ് സെക്രട്ടറിയായുള്ള പാര്‍ട്ടിക്ക് ഭൂഷണമല്ല. അങ്ങെന്ന് എടുത്തുപറയാന്‍ കാരണം കോടിയേരി ബാലകൃഷ്ണന്‍ മസില് പിടിക്കാത്ത ബോധ്യങ്ങളുള്ള ജനകീയനായ
ഒരു നേതാവായത് കൊണ്ടാണ്.
ഞാനൊരു ഇടത്തരം കുടുംബത്തിലെ അംഗമാണെന്ന് മറ്റെല്ലാവരെയുംകാള്‍ താങ്കള്‍ക്ക് അറിയാമല്ലോ. എല്‍ഐസിയിലെ അസിസ്റ്റന്റ് ഉദ്യോഗം വെച്ചാണ് അച്ഛന്‍ മൂന്ന് മക്കളെയും പഠിപ്പിച്ചത്. അച്ഛന്റെ ശമ്പളവും ബാങ്ക് വായ്പയുമുപയോഗിച്ചാണ് മൂവര്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കിയതും അതുവഴിയവര്‍ സ്വന്തമായി ജോലി സമ്പാദിച്ചതും. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കെത്തിയതും അന്തസ്സുള്ള ജോലിയില്‍ കയറിയതും.
കേരള സര്‍വകലാശാലയില്‍ നിന്നും രണ്ടാം റാങ്കും ഫസ്റ്റ് ക്ലാസ്സും വാങ്ങിയാണ് ഞാന്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ആരുടെയും ശുപാര്‍ശയിലായിരുന്നില്ല ജോലി. ജോലിയില്‍ നിന്നുള്ള വരുമാനമല്ലാതെ മറ്റ്
ധനാഗമമാര്‍ഗങ്ങളൊന്നുമില്ല. എന്റെ രണ്ട് സഹോദരന്മാരും എംസിഎക്കാരും ബെങ്കളുരുവില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഉദ്യോഗസ്ഥരുമാണ്.
അവര്‍ക്ക് സ്വന്തമായി ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങണമെന്നൊക്കെ ആഗ്രഹമുണ്ട്.പക്ഷെ മുടക്കാന്‍ കോടികള്‍ കൈയിലില്ല.കോടികള്‍ എറിയാനും ആരുമില്ല.
പറഞ്ഞുവരുന്നത് ഞങ്ങളുടെയൊക്കെ ജീവിതം നേരിന്റെ ട്രാക്കിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത് സഖാവെ. ഇന്നേവരെ അപഭ്രംശം സംഭവിച്ചിട്ടില്ല.
മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത് പോലെ മടിയില്‍ കനമുള്ളവരും ഉപ്പ് തിന്നവരും മാത്രം അന്വേഷണം വരുമ്പോള്‍ വിയര്‍ത്താല്‍ മതിയല്ലോ. മടിശ്ശീല കാലിയായതിനാലും ഉപ്പ് തിന്നാത്തത് കൊണ്ടും ഭയത്തിന്റെ കണിക പോലുമില്ല. അതുകൊണ്ട് ആരോപിക്കാനായി മാത്രം എന്നില്‍ കുറ്റം ചാര്‍ത്തി അപവാദം പ്രചരിപ്പിക്കുന്നത് അങ്ങിടപെട്ട് ഒഴിവാക്കണം. മുഖ്യമന്ത്രി തന്നെ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് ഗുഡ് സേട്ടിഫിക്കറ്റ് നല്‍കിയ സ്ഥിതിക്ക് പാര്‍ട്ടി ഈ ഘട്ടത്തില്‍ അന്വേഷണത്തെ വിമര്‍ശിക്കുന്നത് ശരിയാണോ? നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ശിക്ഷ അനുഭവിക്കട്ടെ,
അവര്‍ എത്ര ഉന്നതരായാലും. അവര്‍ക്ക് പാര്‍ട്ടി കുട ചൂടരുത്. താങ്കളുടെ പാര്‍ട്ടി എന്നും വീറോടെ വാദിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് കൂടി
ഒരു വാക്ക് പറയട്ടെ. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴിലിടം നല്‍കുന്ന പല ആനുകൂല്യങ്ങളുണ്ട്.പരിരക്ഷയുണ്ട്. സ്വാതന്ത്ര്യമുണ്ട്.
വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ അവര്‍ ബന്ധപ്പെടാറുണ്ട്.
കാട്ടുകള്ളന്‍ വീരപ്പനെ ഇന്റര്‍വ്യൂ ചെയ്ത നക്കീരന്‍ ഗോപാലിനെയും എല്‍ടിടിഇ നേതാവ് വേലുപ്പിളൈ പ്രഭാകരന്റെ ടെലിവിഷന്‍ അഭിമുഖമെടുത്ത
അനിതാ പ്രതാപിനെയും ചാപ്പ കുത്തി ഭരണകൂടങ്ങള്‍ തുറുങ്കിലടച്ചില്ലല്ലോ? എന്തുകൊണ്ടാ? അവരുടെ തൊഴിലിന്റെ ഭാഗമായിട്ടായിരുന്നു
ആ കൂടിക്കാഴ്ചകള്‍ എന്നതുകൊണ്ട് കാട്ടുകൊള്ളയിലും ഭീകരവാദപ്രവര്‍ത്തനത്തിലും ഗോപാലും അനിതയും ഭാഗഭാക്കായെന്ന് വിധിയെഴുതാനാവില്ലല്ലോ.
അതിനാല്‍ സ്വപ്ന സുരേഷിനെ വിളിച്ചു എന്നതിന്റെയും അവരുടെ കള്ളമൊഴിയുടെയും അടിസ്ഥാനത്തില്‍ എനിക്കെതിരെ കുപ്രചരണങ്ങളിറക്കുന്നതും
എന്നെ വേട്ടയാടുന്നതും അവസാനിപ്പിക്കാന്‍ അങ്ങ് മുന്‍കൈയെടുക്കണം.

സ്‌നേഹപൂര്‍വം

അനില്‍ നമ്പ്യാര്‍

Tags

Related Articles

Back to top button
Close