BREAKING NEWSKERALALATEST

അനില്‍ നമ്പ്യാര്‍ക്ക് സ്വപ്ന സുരേഷുമായി അടുത്ത ബന്ധം, സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്നയുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചു; ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. രാവിലെ പതിനൊന്നോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷുമായി അനില്‍ നമ്പ്യാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ജനം ടിവി മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സാക്ഷിയാണ് അനില്‍ നമ്പ്യാര്‍. സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അനില്‍ നമ്പ്യാരുമായി താന്‍ ഫോണില്‍ സംസാരിച്ചതായി സ്വപ്ന സുരേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. വാര്‍ത്തയുടെ ഭാഗമായി മാത്രമാണ് സ്വപ്നയെ ബന്ധപ്പെട്ടതെന്നായിരുന്നു അനില്‍ നമ്പ്യാരുടെ വിശദീകരണം.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയത്. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്.

കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്ന നല്‍കിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരില്‍ ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശ്യം.

Related Articles

Back to top button