ENTERTAINMENTMALAYALAM

കണ്ടറിയാനാവില്ലല്ലോ വിധിഗതി

കോട്ടയം: ”നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ, തൃശ്ശൂര്‍ കുമ്മാട്ടിയല്ല മുണ്ടൂര്‍ കുമ്മാട്ടി. പണ്ട്, ജന്മിമാര്‍ കുമ്മാട്ടിക്കോലത്തില്‍ പാണ്ടികളെ ഇറക്കും. എതിര് നില്‍ക്കുന്ന യൂണിയന്‍ പ്രവര്‍ത്തനമുള്ള ഹരിജന്‍സഖാക്കളെ തീര്‍ക്കാന്‍. ആദ്യത്തെ കുമ്മാട്ടിക്ക് കുറച്ച് സഖാക്കള്‍ തീര്‍ന്നു. പിന്നത്തെ കുമ്മാട്ടിക്ക് തീര്‍ന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരാണെന്ന് പോലീസിന് പിടികിട്ടിയില്ല, പക്ഷേ, പാര്‍ട്ടിക്ക് കിട്ടി. 25 തികയാത്തൊരു പയ്യനെ കുമ്മാട്ടിക്കോലത്തില്‍ കൊണ്ടുവന്ന് നിര്‍ത്തി എം.എല്‍.എ. ചാത്തന്‍മാഷിന്റെ മുന്നില്‍. മാഷ് അവനോട് പറഞ്ഞു, മോനേ നീ ചെയ്തതൊന്നും തെറ്റല്ല, ചെറുത്തുനില്‍പ്പാണ്. പക്ഷേ, ഇനി നീ എന്ത് ചെയ്യുമ്പോഴും നിന്റെ കൂടെ നിയമം വേണം, എന്നുപറഞ്ഞ് നിര്‍ബന്ധിച്ച് അവനെ പോലീസില്‍ ചേര്‍ത്തു. ആ പയ്യന്റെ പേരാണ് അയ്യപ്പന്‍ നായര്‍, പിന്നീട് മുണ്ടൂര്‍ മാടന്‍ എന്നൊരു വിളിപ്പേരും കെട്ടി. യൂണിഫോമില്‍ കയറിയതുകൊണ്ട് അവന്‍ ഒതുങ്ങി, മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. കണ്ടറിയണം കോശീ ഇനി നിനക്ക് എന്താ സംഭവിക്ക്യാന്ന്…”
അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സിഐ സതീഷായി എത്തി അയ്യപ്പന്‍ നായര്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പൂര്‍ണത പ്രേക്ഷകരിലേക്കെത്തിക്കുന്ന ഈ ഒരൊറ്റ ഡയലോഗ് മതി അകാലത്തില്‍ വിടപറഞ്ഞ അനില്‍ നെടുമങ്ങാട് എന്ന നടനെ സിനിമ ലോകം എന്നും ഓര്‍ത്തിരിക്കാന്‍. കുറച്ചു സിനിമകള്‍ മാത്രം ചെയ്തുള്ളുവെങ്കിലും ജനമനസുകളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ അനിലിന് സാധിച്ചിരുന്നു. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്ന നാടകലോകത്തുനിന്ന് എത്തിയതുകൊണ്ടുതന്നെ കാണികളുടെ മനസ് അറിഞ്ഞ് അവരിലേക്ക് എത്താന്‍ അനിലിന് എന്നും സാധിച്ചിരുന്നു. അങ്ങനെ നിറഞ്ഞാടി തന്റെ കാലഘട്ടം അടയാളപ്പെടുത്തുമ്പോള്‍ തന്നെയാണ് ആ ദുരന്തവും സംഭവിച്ചിരിക്കുന്നത്. ്
മലയാള ചലച്ചിത്ര നടന്‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങി നിരവധി വേഷപകര്‍ച്ചയിലൂടെ കടന്ന പോകാന്‍ അനിലിനു സാധിച്ചിരുന്നു. 1972 മെയ് 30 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരന്‍ നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എം ജി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ അനില്‍ തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി.
അനില്‍ പി നെടുമങ്ങാടിന്റെ കരിയര്‍ ആരംഭിയ്ക്കുന്നത് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായിക്കൊണ്ടാണ്.കൈരളി, ഏഷ്യാനെറ്റ്, ജെയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ വിവിധ പരിപാടികളുടെ അവതാരകനായിരുന്നിട്ടിണ്ട്. കൈരളിയില്‍ അനില്‍ അവതാരകനായിരുന്ന, സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റാര്‍വാര്‍ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടക വേദികളിലും അനില്‍ സജീവമായിരുന്നു. മാക്ബത്ത് ഉള്‍പ്പെടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അനില്‍ പി നെടുമങ്ങാടിന്റെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ് 2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു. 2016 ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ വേഷം അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക പ്രീതി നേടി. അനില്‍ നെടുമങ്ങാട് മുപ്പതിലധികം ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button