ജോലിക്കാരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കിന്റര്‍ഗാര്‍ട്ടനില്‍ ചേര്‍ക്കുന്നത് ഇന്ന് നമ്മുടെ നാട്ടിലും ഒരു പതിവായി മാറിക്കഴിഞ്ഞു. മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ പിന്നെ കുട്ടികളെ നോക്കാന്‍ ആളില്ലെന്നത് തന്നെ കാരണം. എന്നാല്‍, ചൈനയില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. ഇവിടെ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്ക് മാത്രമല്ല, വളര്‍ത്ത് മൃഗങ്ങള്‍ക്കുമുണ്ട്. ജോലിക്കാരായ ഉടമകള്‍ക്ക് തങ്ങള്‍ ജോലിത്തിരക്കിലാകുമ്പോള്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി കൊണ്ട് ചെന്നാക്കാന്‍ പറ്റിയ ഒരിടം. അതാണ് ചൈനയിലെ വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള കിന്റര്‍ഗാര്‍ട്ടന്‍ ആശയം.
അടുത്തകാലത്തായി വളര്‍ത്തുമൃഗങ്ങള്‍ക്കായി കിന്റര്‍ഗാര്‍ട്ടന്‍ തേടുന്നവരുടെ എണ്ണം ചൈനയില്‍ വര്‍ദ്ധിച്ചു വരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസത്തെ സംരക്ഷണത്തിനൊപ്പം ഇത്തരം സ്ഥലങ്ങള്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് വ്യത്യസ്തമായ പരിശീലനങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ അനുസരണ പഠിപ്പിക്കലും പുതിയ വിനോദങ്ങള്‍ പഠിപ്പിക്കലും ഒക്കെ ഉള്‍പ്പെടുന്നു.
ചോദ്യങ്ങള്‍ക്ക് തല കുലുക്കുക, തല കുനിക്കുക, കുമ്പിടുക, മണി മുഴക്കുക, വാതിലുകള്‍ അടയ്ക്കുക, ചെരുപ്പുകളും കളിപ്പാട്ടങ്ങളും എടുക്കുക, ഇഴയുക, സാധനങ്ങള്‍ വായുവില്‍ ഉയര്‍ന്നു പിടിക്കുക തുടങ്ങിയ എല്ലാ കഴിവുകളും ഇത്തരം കിന്‍ഡര്‍ ഗാര്‍ഡുകള്‍ മൃഗങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കുമെന്ന് ഇക്കണോമിക് വ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ദിവസത്തെ കോഴ്‌സിന് 11,000 യുവാന്‍ (1,26,760 ഇന്ത്യന്‍ രൂപ) ആണ് ഫീസ്. അതായത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ. വളര്‍ത്ത് മൃഗങ്ങള്‍ക്കായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ കഴിയാത്ത ഉടമകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ആശയത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ പ്രീയപ്പെട്ട നായകള്‍ക്കായി കിന്റര്‍ഗാര്‍ട്ടന്‍ തേടി ഇപ്പോള്‍ എത്തുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും പറയുന്നത്.