പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹരിതയുടെ മുത്തച്ഛന് കുമരേശന്‍ പിള്ള പറഞ്ഞു. ജാതിയായിരുന്നില്ല പ്രശ്നം. സാമ്പത്തിക അന്തരമായിരുന്നു വിയോജിപ്പിനു കാരണമെന്നാണ് കുമരേശന്‍ പിള്ളയുടെ വിശദീകരണം. കൊലപാതകത്തില്‍ ഹരിതയുടെ മുത്തച്ഛന് കുമരേശന്‍ പിള്ളയ്ക്ക് പങ്കുണ്ടെന്നാണ് അനീഷിന്റെ കുടുംബത്തിന്റ ആരോപണം.
അനീഷിനെ കൊലപ്പെടുത്തിയ അച്ഛന് പ്രഭുകുമാറിനും അമ്മാവന് സുരേഷിനും പരമാവധി ശിക്ഷ കിട്ടണമെന്നാണ് ഹരിതയും പറയുന്നത്. ‘ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം’ ഹരിത പറഞ്ഞു.
ഹരിതയെ മകളെ പോലെ സംരക്ഷിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് അനീഷിന്റെ പിതാവ് അറുമുഖനും വ്യക്തമാക്കി. അവളെ തുടര്‍ന്നും പഠിപ്പിക്കാനാണ് ആഗ്രഹം. എന്നാല്‍ അതിനുള്ള കഴിവ് തങ്ങള്‍ക്കില്ല. അതിനാല്‍ ഹരിതയുടെ തുടര്‍പഠനത്തിന് സര്‍ക്കാര്‍ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.