തേന്‍കുറിശ്ശി : പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍ പോലീസ് കസ്റ്റഡിയില്‍. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവന് സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മരണം ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ ആരോപണം. കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാന്‍ കഴിയൂ എന്നാണ് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു.
അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരന് അരുണ്‍ പറഞ്ഞത്.
‘അവര്‍ ബൈക്കില്‍ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളില്‍ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാര്‍ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു’, അരുണ്‍ പറഞ്ഞു.
മൂന്നുമാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നുമാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു.
കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.