പുണെ: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അണ്ണാ ഹസാരെ കത്തയച്ചു. സ്വാമിനാഥന് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മിഷന് ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഈ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി അഞ്ചിന് നിരാഹാര സമരം അവസാനിപ്പിച്ചു. സ്വാമിനാഥന് കമ്മിഷന് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ചും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാമെന്ന് അന്നത്തെ കൃഷിമന്ത്രി രാധാമോഹന്‍ സിങ് രേഖാമൂലം ഉറപ്പുനല്‍കിയതിനു പിന്നാലെ ആയിരുന്നു ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചത്.
ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് 2019 ഒക്ടോബര്‍ 30നുള്ളില്‍ സമര്‍പ്പിക്കുമെന്ന രാധാമോഹന്‍ സിങ് നല്കിയ രേഖാമൂലമുള്ള ഉറപ്പും തോമറിന് അയച്ച കത്തില്‍ ഹസാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ഒന്നും നടന്നില്ല. ഫെബ്രുവരി അഞ്ചിന് അവസാനിപ്പിച്ച നിരാഹാര സത്യഗ്രഹം പുനഃരാരംഭിച്ചാലോ എന്ന് ആലോചിക്കുകയാണ് തോമറിനുള്ള കത്തില്‍ ഹസാരെ വ്യക്തമാക്കുന്നു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഡിസംബര്‍ എട്ടിന് ഹസാരെ നിരാഹാരം അനുഷ്ഠിച്ചിരുന്നു.