കോയമ്പത്തൂര്‍: ശാന്തനായ കാട്ടുകൊമ്പന് നേരെ അക്രമവാസന കാണിച്ച മനുഷ്യര്‍. ചെവി പൊട്ടി ചോര ഒഴുകിയിട്ടും പതറാതെ നിന്ന് ഒടുക്കം കണ്ണീര് വിട്ടു മടങ്ങിയ കൊമ്പന്. മരണമറിഞ്ഞു കേഴുന്ന കാട്ടുമക്കള്‍. ഏതൊരാളുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു മുതുമലയില്‍ കണ്ടത്. അക്രമ വാസന കാണിക്കാത്ത, ശാന്തനായ ആ 50 വയസ്സുകാരന് എത്ര വേദന അനുഭവിച്ചായിരിക്കാം ഈ ലോകത്തുനിന്ന് പോയിരിക്കുന്നത് എന്നോര്‍ത്ത് വിലപിക്കുന്ന ബെല്ലനെ പോലെയുള്ള വനപാലകരുടെ കണ്ണീരിന് ഇവര്‍ എന്തു മറുപടി പറയും.
മസിനഗുഡിക്കടുത്തുള്ള ബൊക്കാപുരം ഭാഗത്ത് മൂന്ന് മാസം മുമ്പ് മുതുകില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കാട്ടുകൊമ്പനെ ആദ്യം കണ്ടെത്തിയത്. മുന്നോട്ടായാന്‍ പോലുമാവാതെ അവശനിലയില്‍ കണ്ടെത്തിയ കൊമ്പന് പഴങ്ങളില്‍ മരുന്നുകള്‍ വെച്ചു നല്‍കിയെങ്കിലും മുറിവുണങ്ങിയില്ല. വ്രണം പുഴുവരിച്ചതോടെ ഡോക്ടര്‍മാരായ സുകുമാര്‍, രാജേഷ് കുമാര്‍, ഭാരതി ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28ന് കുങ്കി ആനകളുടെ സഹായത്തോടെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നല്‍കിയിരുന്നു.
മേല്‍ ഭാഗത്തെ മുറിവ് ഉണങ്ങിയതായി കാണപ്പെട്ടെങ്കിലും ഭക്ഷണം തേടിയുള്ള ഉള് കാട്ടിനകത്തെ അലച്ചില്‍ ഒഴിവാക്കിയായിരുന്നു നടത്തം. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞതും തീറ്റ എടുക്കുന്നത് കുറഞ്ഞതും ആണ് ആന ഉള്‍ക്കാട്ടിലേക്ക് പോകാതിരുന്നതെന്ന് മുതുമല വന്യജീവി സംരക്ഷണകേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ കെ.കെ കൗശല്‍ പറഞ്ഞു.
പിന്നീട് ദിവസങ്ങള്‍ക്കുശേഷം ജനുവരി 17 നായിരുന്നു ആനയുടെ ഇടതു ചെവിയില്‍ നിന്ന് ചോര ഒലിപ്പിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നത്. നടുറോഡില്‍ മണിക്കൂറോളം നിന്ന് നോക്കി, വീടുകള്‍ക്കുമുന്നില്‍ തലയുയര്‍ത്തി നിന്ന ആനയെ പഴത്തില്‍ മരുന്നുവച്ചു നല്കി ഉള്‍ക്കാട്ടിലേക്ക് പറഞ്ഞയക്കുന്നതിലായിരുന്നു വനപാലകര്‍ ആദ്യം ശ്രദ്ധിച്ചത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം പരിക്ക് ഗുരുതരമായ ആന തീറ്റ എടുക്കാതെയായി.
പിന്നീട് ഡോക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ കുങ്കി ആനകളെ എത്തിച്ച് വീണ്ടും മയക്കുവെടി നല്കിയപ്പോള് ആന വേഗം മയങ്ങി വീണു. കുങ്കി ആനകള്‍ അടുത്തെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് തടവുകയായിരുന്നു കാട്ടാന. വെള്ളം ഒഴിച്ച് തണുപ്പിച്ചശേഷം ആനയെ വീണ്ടും കുങ്കി ആനകളെ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയായിരുന്നു. പതുക്കെ വണ്ടിയില്‍ കയറ്റിയെങ്കിലും തൊട്ടടുത്ത മുതുമലയിലേക്കുള്ള യാത്രയില്‍ ചെരിയുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മുതുകത്ത് പരിക്കുമായി ആനയുടെ ഉദരത്തില്‍ ഭക്ഷണാവശിഷ്ടം കുറവായിരുന്നു. ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറഞ്ഞാണ് കാണപ്പെട്ടത്. ഇതിനിടെ ഇന്ധനം ഉപയോഗിച്ച് കത്തിച്ച തുണിപന്തത്തിന്റെ ഭാഗം കാതില്‍ കുടുങ്ങിയാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്രാമവാസികള്‍ക്ക് ശല്യം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും റിസോര്‍ട്ട് ഉടമകള്‍ ആനയെ വിരട്ടാനായി ചെയ്തതായിരിക്കാമെന്ന് ആദ്യം തന്നെ വനപാലകര്‍ക്ക് സംശയം ഉണ്ടായിരുന്നതായി ഫീല്‍ഡ് ഡയറക്ടര്‍ കൗശല്‍ അറിയിച്ചു.