കൊല്‍ക്കത്ത: താന്‍ കോവിഡ് പോസിറ്റീവായാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്കാണ് രോഗം ബാധിച്ചത്. അനുപം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അനുപത്തെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബോല്പുരില്നിന്നുള്ള തൃണമൂല്‍ എംപിയായിരുന്ന അനുപം ഹസ്ര 2019 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. തനിക്ക് കോവിഡ് പോസിറ്റീവായാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്നും അപ്പോള്‍ മാത്രമെ അവര്‍ക്ക് രോഗം ബാധിച്ചവരുടെ വിഷമവും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയും മനസ്സിലാവുകയുള്ളുവെന്നും കഴിഞ്ഞ ഞായറാഴ്ച അനുപം പറഞ്ഞിരുന്നു. ഇതു വിവാദമായതിനു പിന്നാലെ അനുപത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വിവാദപ്രസ്താവവയ്ക്കു പിന്നാലെയാണ് അനുപം ഹസ്ര ബിജെപിയുടെ പുതിയ ഭാരവാഹിപ്പട്ടികയില്‍ ഇടംപിടിച്ചത്. രാഹുല്‍ സിന്‍ഹയ്ക്ക് പകരമായി ദേശീയ സെക്രട്ടറിയായാണ് അനുപം തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അനുപത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തയാറായില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിജെപി ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയ മുകുള്‍ റോയ് പറഞ്ഞു.