ന്യൂഡല്‍ഹി: ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം ആപ്പിള്‍ ഘട്ടംഘട്ടമായി ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 2,17,300 കോടി രൂപ (29 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ഉത്പന്നങ്ങള്‍ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക് ഷന് ലിങ്ക്ഡ് ഇന്‍സന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമായാകും നിര്‍മാണം.
നിലവില്‍ ആപ്പിളിലന്റെ 95ശതമാനം നിര്‍മാണവും ചൈനകേന്ദ്രീകരിച്ചാണ് നടക്കുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആഗോള ഉത്പാദനത്തിന്റെ 10ശതമാനം നിര്‍മാണവും ഇന്ത്യയിലായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.
നിലവില്‍ ഫോക്സ്കോണും വിസ്ട്രോണും ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. പെഗാട്രോണ്‍ എന്ന മൂന്നാമതൊരു കമ്പനികൂടി ഉടനെ രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കും.
ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുപ്രകാരം 2016-17വര്‍ഷത്തില്‍ 900 കോടി മൊബൈല്‍ ഹാന്‍ഡ്സെറ്റുകളാണ് കയറ്റുമതി ചെയതത്. 2017-18 വര്‍ഷത്തില്‍ ഇത് 1,300 കോടിയായും 2018-19വര്‍ഷത്തില്‍ 11,200 കോടിയായും 2019-20 വര്‍ഷത്തില്‍ 27,200 കോടിയായും ഉയര്‍ന്നു.
പദ്ധതി നടപ്പാകുകയാണെങ്കില്‍ ഉത്പാദനമൂല്യം ഇതിലുംകൂടുമെന്നാണ് വിലയിരുത്തല്‍. അതോടെ രാജ്യത്തുനിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍വര്‍ധനയാണുണ്ടാകുക.