BUSINESSBUSINESS NEWSGADGETSTECH

ദാാാ ആപ്പിളിന്റെ മാസ്‌ക്കും എത്തി… വെറും മാസ്‌ക്

ഒടുവില്‍ ആപ്പിളിന്റെ മാസ്‌കും എത്തി. ബ്ലൂടൂത്തും, വയര്‍ലെസ്സ് ഹെഡ്‌ഫോണുമുള്ള ഹബ്ബിള്‍ കണക്ടഡിന്റെ മാസ്‌ക്‌ഫോണ്‍ അല്ലെങ്കില്‍ എല്‍ജിയുടെ പ്യൂരികെയര്‍ മാസ്‌ക് എന്നിവയെ കടത്തിവെട്ടാന്‍ പാകത്തിനുള്ള ഹൈടെക് മാസ്‌കാണ് ആപ്പിളില്‍ നിന്നും എത്തിയത് എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു സാധാരണ മാസ്‌ക് ആണ് ഐഫോണ്‍ ഡിസൈനര്‍മാര്‍ തയ്യാറാക്കിയ ആപ്പിള്‍ മാസ്‌ക്.
ആപ്പിളിന് എന്തുപറ്റി എന്നാലോചിച്ച് തലപുണ്ണാക്കേണ്ട. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടിയാണ് ആപ്പിള്‍ മാസ്‌ക് തയ്യാറാക്കിയിരിക്കുന്നത്. അണ്‍ബോക്‌സ് തെറാപ്പി എന്ന് പേരുള്ള യൂട്യൂബ് പേജില്‍ ആണ് ആപ്പിള്‍ മാസ്‌കിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ അടുത്തിടെ പുറത്ത് വിട്ടത്. മൂന്ന് ലെയര്‍ ഫില്‍ട്രേഷനുള്ള മാസ്‌ക് ആണ് ആപ്പിള്‍ മാസ്‌ക് എന്ന് യൂട്യൂബര്‍ വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാവുന്ന അഞ്ച് മാസ്‌കുകളുടെ ഒരു സെറ്റ് ആയാണ് ആപ്പിള്‍ മാസ്‌കിന്റെ പാക്കിങ്. മാസ്‌കിന്റെ 3 പീസ് ഡിസൈന്‍ മുക്കും, താടിയുടെ അടിഭാഗവും നന്നായി മൂടും വിധമാണ്. വിപണിയില്‍ സാധാരണ ലഭിക്കുന്ന വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കിന്റെ വള്ളിയേക്കാള്‍ ശക്തമാണ് ആപ്പിള്‍ മാസ്‌കിന്റെ വള്ളി എന്ന് യൂട്യൂബര്‍ പറയുന്നുണ്ട്. മാത്രമല്ല, ചെവികള്‍ക്ക് പുറകിലായി കൊരുത്തിടുന്നത് കൂടാതെ ഒരു ക്ലിപ്പ് വഴി തലയ്ക്ക് പുറകിലായി വള്ളികള്‍ തമ്മില്‍ ബന്ധിപ്പിക്കാം. ഇത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നു.
ഓരോ മാസ്‌കും 5 തവണ (ഓരോ ഉപയോഗത്തിലും 8 മണിക്കൂര്‍ വരെ) വീണ്ടും ഉപയോഗിക്കാം എന്ന് പാക്കില്‍ വ്യക്തമാക്കുന്നുണ്ട്. 8 മണിക്കൂര്‍ ഉപയോഗത്തിന് ശേഷം കഴുകി ഉപയോഗിക്കണം എന്ന് മാത്രം. അണുക്കളെ പ്രതിരോധിക്കുന്നതില്‍ ആപ്പിള്‍ മാസ്‌ക് എത്രത്തോളം ഫലപ്രദമാണ് എന്ന് വ്യക്തമല്ലെങ്കിലും ഒരു വശത്ത് നിന്നും ഊതിയാല്‍ മറുവശത്തേക്ക് കാറ്റ് കടക്കാതെ മാസ്‌ക് തടഞ്ഞ് നിര്‍ത്തും എന്നും യൂട്യൂബര്‍ വ്യക്തമാക്കുന്നുണ്ട്.
ആപ്പിള്‍ മാസ്‌ക് കൂടാതെ ക്ലിയര്‍മാസ്‌ക് എന്ന പേരില്‍ മറ്റൊരു മാസ്‌കും തങ്ങളുടെ ജീവനക്കാര്‍ക്കായി ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരമുള്ള ക്ലിയര്‍മാസ്‌ക് സുതാര്യമാണ്. കേള്‍വികുറവുള്ളവര്‍ക്ക് ലിപ് റീഡിങ് ചെയ്യാന്‍ പാകത്തിനാണ് ക്ലിയര്‍മാസ്‌ക് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, ആപ്പിള്‍ മാസ്‌കോ, ക്ലിയര്‍മാസ്‌കോ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമോ എന്നതിനെപ്പറ്റി ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button