BREAKINGINTERNATIONAL

കടലില്‍ വീണ ആപ്പിള്‍ വാച്ച് ഒന്നര വര്‍ഷത്തിന് ശേഷം തിരികെ കിട്ടി, കുഴപ്പമൊന്നുമില്ലാതെ

കടലില്‍ വീണ ആപ്പിള്‍ വാച്ച് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ  പ്രയാസമാണ്. എന്നാല്‍ അത് സംഭവിച്ചു. യൂട്യൂബറും കാലിഫോര്‍ണിയ സ്വദേശിയുമായ ജാരെഡ് ബ്രിക്കാണ് തന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവെച്ചത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ കടലില്‍ നീന്തുന്നതിനിടെയാണ് ബ്രിക്കിന്റെ ആപ്പിള്‍ വാച്ച് നഷ്ടമായത്. ആപ്പിള്‍ ഫൈന്റ് മൈ ഫീച്ചറിന്റെ സഹായത്തോടുകൂടിയാണ് അത് വീണ്ടെടുത്തത്.
2022 ലാണ് ബ്രിക്ക് കുടുംബത്തോടൊപ്പം മകന്റെ 11-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ വിനോദയാത്രപോയത്. ബ്രിക്ക് താമസിക്കുന്ന കാലിഫോര്‍ണിയയിലെ ഫെല്‍ട്ടണില്‍ നിന്ന് ഏകദേശം 5600 കിലോമീറ്ററിലേറെ ദൂരത്താണ് ഈ സ്ഥലം.
സ്‌കൂബാ ഡൈവിങ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ മകനും തനിക്കും ആപ്പിള്‍ വാച്ചുകള്‍ വാങ്ങിയിരുന്നു. വെള്ളത്തിനടിയിലും സമയം നോക്കാന്‍ ആപ്പിള്‍ വാച്ച് ഉപയോഗപ്രദമാണ്. 164 അടി താഴ്ചയില്‍ വരെ ഇത് ഉപയോഗിക്കാനുമാവും. സ്‌കൂബാ ഡൈവിങ്ങില്‍ വാച്ച് ഉപയോഗപ്പെടുകയും ചെയ്തു.
യാത്രയുടെ അവസാന ദിവസമാണ് ‘ദി ബാത്ത്സ് ഓഫ് വിര്‍ജിന്‍ ഗോര്‍ഡ’ എന്നറിയപ്പെടുന്ന ഒരു സ്ഥലത്ത് നീന്തുന്നതിനായി ബ്രിക്ക് പോയത്. അതിനിടെ, ഉയരത്തില്‍ നിന്ന് കടലിലേക്ക് ചാടിയ ബ്രിക്കിന്റെ കയ്യില്‍ നിന്ന് വാച്ച് നഷ്ടമായി. എന്നാല്‍ വളരെ കഴിഞ്ഞാണ് വാച്ച് നഷ്ടമായ വിവരം ബ്രിക്കിന്റെ ശ്രദ്ധയില്‍ പെട്ടത്.
പിന്നീട് ഫൈന്റ് മൈ ഫീച്ചര്‍ ഉപയോഗിച്ച് വാച്ച് നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചറാണിത്. ആപ്പില്‍ വാച്ച് എവിടെയാണ് ഉള്ളത് എന്ന് കാണിച്ചിരുന്നു. എന്നാല്‍ ഏറെ ദൂരെയുള്ള വിര്‍ജിന്‍ ഗോര്‍ഡയിലേക്ക് തിരികെ പോയി വാച്ച് തിരയാന്‍ ബ്രിക്കിന് സാധിച്ചില്ല. വാച്ച് നഷ്ടമായതായി കണക്കാക്കുകയും ചെയ്തു.
18 മാസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 2023 ന് വിര്‍ജിന്‍ ഗോര്‍ഡ സ്വദേശിയായ ജോന്നാഥന്‍ എന്നയാള്‍ അപ്രതീക്ഷിതമായി ബ്രിക്കിനെ ഫോണില്‍ വിളിച്ചു. ബീച്ചില്‍ നിന്ന് വാച്ച് കണ്ടെത്തിയെന്നും ചാര്‍ജ് ചെയ്തതിന് ശേഷം ബ്രിക്കിന്റെ ഫോണ്‍ നമ്പറോടുകൂടിയ ലോസ്റ്റ് മെസേജ് കണ്ടെന്നും അദ്ദേഹം അറിയിച്ചു. വാച്ചിന്റെ ഫോട്ടോയും ബ്രിക്കിന് അയച്ചുകൊടുത്തു. ശേഷം വാച്ച് കാലിഫോര്‍ണിയയിലെ ഫെല്‍ട്ടണില്‍ താമസിക്കുന്ന ബ്രിക്കിന് ജോന്നാഥന്‍ വാച്ച് കൊറിയറായി അയച്ചുകൊടുക്കുകയായിരുന്നു. വാച്ച് നഷ്ടമായി 22 മാസങ്ങള്‍ക്ക് ശേഷമാണ് 2024 ഏപ്രിലില്‍ ബ്രിക്കിന് വാച്ച് തിരികെ ലഭിച്ചത്. യൂട്യൂബിലാണ് ബ്രിക്ക് തന്റെ അനുഭവം പങ്കുവെച്ചത്.

***

Related Articles

Back to top button