കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. കര്‍ണാടകയിലെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. അര്‍ജുനെ ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്നും അല്ലെങ്കില്‍ കേരളത്തിലെ സന്നദ്ധപ്രവര്‍ത്തകരെ അതിനായി അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അങ്കോലയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുന്നില്ലെന്നും വീഴ്ച ചര്‍ച്ചയാവുന്നതില്‍ അധികൃതര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളില്‍ ഒരാളെ കര്‍ണാടക എസ്.പി. മര്‍ദിച്ചതായും കുടുംബം ആരോപിച്ചു.
രണ്ടു ദിവസം അശ്രദ്ധകാണിച്ചു. കാട്ടില്‍ മകനുണ്ടാവുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. ഉദ്യോഗസ്ഥന്മാരെ വിശ്വസിച്ച് രണ്ടുദിവസം വിട്ടുകൊടുത്തു. പിന്നീട് പുരോഗതി ഇല്ലാത്തതിനാല്‍ എം.പിയേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും ബന്ധപ്പെട്ടു. അതിന് ശേഷമാണ് എന്തെങ്കിലും നടപടികള്‍ ഉണ്ടാവുന്നത്. ദൃക്സാക്ഷി പറഞ്ഞതുപോലും ശ്രദ്ധിച്ചില്ല. അങ്കോല പോലീസില്‍ അറിയിച്ചപ്പോള്‍ വാഹന ഉടമ നേരത്തേ പരാതി നല്‍കിയെന്ന് പറഞ്ഞു. മകന് വേണ്ടിമാത്രമാണ് ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് മണ്ണെടുക്കല്‍ ആരംഭിച്ചത്. അവിടെ മറ്റ് വാഹനങ്ങളും മൃതദേഹങ്ങളും ലഭിക്കുന്നുണ്ട്. അത് പുറംലോകം അറിയുന്നില്ല. മകന്റെ വാഹനത്തിനടുത്ത് എത്തുമ്പോഴേക്ക് എത്ര വാഹനങ്ങള്‍ കിട്ടിയെന്ന് പുറംലോകം അറിയണം. എല്ലാവര്‍ക്കും നീതി ലഭിക്കണം. മകനെ എത്രയുംപെട്ടന്ന് കിട്ടണമെന്നും അമ്മ ഷീല പറഞ്ഞു.
‘അവിടുത്തെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞു. ഒന്നുകില്‍ സൈന്യത്തെ ഇറക്കണം. അല്ലെങ്കില്‍ കേരളത്തിലെ സന്നദ്ധരായ ജനങ്ങളെ വിടാന്‍വേണ്ടിയുള്ള സമ്മതം നല്‍കുക. ഇപ്പോള്‍ ഭയമുണ്ട്, മകന് എന്തെങ്കിലും ഹാനിസംഭവിക്കുമോയെന്ന്. മകന്റെ വാഹനത്തിന്റെ രണ്ട് ഉടമകളില്‍ ഒരാളെ അവിടുത്തെ എസ്.പി. ഉപദ്രവിച്ചു. എല്ലാവരും പറയുന്നുണ്ട്, സുരക്ഷിതമായ വണ്ടിയാണെന്ന്. എന്നാല്‍, ഇപ്പോള്‍ ജീവനുണ്ടോയെന്ന് പോലും മനസിലാവുന്നില്ല’, ഷീല കൂട്ടിച്ചേര്‍ത്തു.
അര്‍ജുനെ കിട്ടുന്നത് വരെ തിരച്ചില്‍ നിര്‍ത്തരുതെന്ന് സഹോദരി അഞ്ജു ആവശ്യപ്പെട്ടു. വീഴ്ച പുറത്തറിയുന്നതില്‍ അവര്‍ക്ക് ദേഷ്യമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കും മുഖ്യമന്ത്രിക്കും ഇ മെയില്‍ അയച്ചിട്ടുണ്ട്. അവിടുത്തെ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു. സൈന്യത്തിന്റെ ആവശ്യമില്ലെന്നാണ് പറയുന്നതെന്നും സഹോദരി അഞ്ജു പറഞ്ഞു.
61 1 minute read