തിരുവനന്തപുരം: ഷിരൂരില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തെരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.
കര, നാവിക സേനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തും. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും. നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ ആയിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി അന്‍ജാരിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി എജി സത്യവാങ്മൂലം നല്‍കും. നേരത്തേ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
86 1 minute read