ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥരുടെ പെന്ഷന് പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്ഷന് പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കേണല്‍ 57 (നേരത്തേ 54), ബിഗ്രേഡിയര്‍58 (56), മേജര്‍ ജനറല്‍59 (58) എന്നിവരുടെ വിരമിക്കല്‍ പ്രായം ഈ രീതിയില്‍ ഉയര്‍ത്താനുള്ളതാണ് പ്രധാന നിര്‍ദേശം.
ലോജിസ്റ്റിക്സ്, ടെക്നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ.), മറ്റുള്ള റാങ്കുകാര്‍ (ഒ.ആര്.) എന്നിവരുടെ വിരമിക്കല്‍ പ്രായം 57 ആക്കാനാണ് ശുപാര്‍ശ. കരസേനയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എനിജിനിയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും ഇതാണ് ബാധകം.
ചെറുപ്പത്തില്‍ത്തന്നെ പലരും മുഴുവന്‍ പെന്‍ഷനുമായി വിരമിക്കുന്നതുകാരണം വന്‍ബാധ്യത ഉണ്ടാകുന്നതിനാല്‍ നാല് സ്ലാബുകളിലായാണ് പെന്ഷന് പരിഷ്കരണം. 20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്ഷന്. 26-30 വര്‍ഷ സേവനം: 60 ശതമാനം പെന്ഷന്. 31-35 വര്‍ഷ സേവനം: 75 ശതമാനം പെന്ഷന്. 35 വര്‍ഷത്തിനു മുകളില്‍: മുഴുവന്‍ പെന്ഷന് എന്നിങ്ങനെയാണിത്.
കരസേന ഓഫീസര്‍മാരുടെ വിരമിക്കല്‍പ്രായം കൂട്ടാനും നേരത്തേ വിരമിക്കുന്നവരുടെ പെന്ഷന് കുറയ്ക്കാനുമുള്ള ശുപാര്‍ശ മുന്‍നിര പോരാളികളായ സൈനികരുടെ ക്ഷേമം ലക്ഷ്യമിട്ടാണെന്ന് സംയുക്ത സേനാ മേധാവി (സി.ഡി.എസ്.) ജനറല്‍ ബിപിന്‍ റാവത്ത്. സമ്പൂര്‍ണ പെന്‍ഷനോടെ വിരമിച്ച് പുറത്ത് അവസരങ്ങള്‍ തേടുന്ന സാങ്കേതിക യോഗ്യതയുള്ളവര്‍ മാത്രമാണിതില്‍ അസംതൃപ്തരെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിലും പെന്‍ഷന്‍തുക കുറയ്ക്കുന്നതിലും സൈന്യത്തിനകത്തുതന്നെ അസംതൃപ്തി ഉണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കരണനിര്‍ദേശം ചോര്‍ന്നതിനെത്തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ മുന്‍സൈനികര്‍ ഇതിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
പെന്ഷന് തട്ടിയെടുത്ത് ധീരരായ സൈനികരുടെ മനോവീര്യം കെടുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷനുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശം ബി.ജെ.പി. സര്‍ക്കാരിന്റെ വ്യാജ ദേശീയത വെളിപ്പെടുത്തുന്നതായും കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.
”പട്ടാളക്കാരുടെ പെന്ഷന് മോഷ്ടിക്കുന്ന, ചരിത്രത്തിലെ ആദ്യഭരണകൂടമായി മോദിസര്‍ക്കാര്‍ മാറി. ദീപാവലിക്ക് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ധീരസൈനികര്‍ക്കായി വെളിച്ചം തെളിയിക്കാന്‍ ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി അവരുടെ ജീവിതം ഇരുട്ടിലാക്കി” അദ്ദേഹം കുറ്റപ്പെടുത്തി.