ന്യൂഡല്‍ഹി: മുംബൈയിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസില്‍ റിപ്പബ്ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കാത്ത ഹൈക്കോടതി വിധി തെറ്റായിരുന്നെന്ന് രേഖപ്പെടുത്തിയാണ് സുപ്രീംകോടതി നടപടി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അര്‍ണബിനെയും മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ജാമ്യം നല്‍കാത്ത ബോബെ ഹൈക്കോടതി വിധിക്കെതിരായ അര്‍ണബിന്റെ ഹര്‍ജി ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഇന്ദിരാ ബാനര്‍ജിയും ഉള്‍പ്പടെ അവധിക്കാല ബഞ്ചാണ് പരിഗണിച്ചത്. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്.
കേസില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ഹൈക്കോടതി നിലപാടിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിമര്‍ശിച്ചു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണഘടനാ കോടതികള്‍ക്കായില്ലെങ്കില്‍ പിന്നെ ആര്‍ക്ക് കഴിയുമെന്ന് കോടതി ചോദിച്ചു. കേസ് നിലനില്‍ക്കുമോ എന്ന അടിസ്ഥാന വിഷയത്തെക്കുറിച്ച് ഹൈക്കോടതി ഒന്നും പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്ത ആള്‍ക്ക് ഒരാള്‍ പണം നല്‍കാനുള്ളത് കൊണ്ട് മാത്രം എങ്ങനെ പ്രേരണ കേസ് ചുമത്തുമെന്നും ചന്ദ്രചൂഡ് ആരാഞ്ഞു .
ഹൈക്കോടതികള്‍ അവരുടെ ചുമതല നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് തുടര്‍ച്ചയായി കാണുന്നു. ട്വീറ്റുകളുടെ പേരില്‍ പോലും ആള്‍ക്കാരെ ജയിലില്‍ അടയ്ക്കുന്നു. സര്‍ക്കാരുകള്‍ ഒരാളെ കുടുക്കാന്‍ നോക്കിയാല്‍ സുപ്രീംകോടതി ഇടപെടുക തന്നെ ചെയ്യുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
സെഷന്‍സ് കോടതി ജാമ്യപേക്ഷ നാളെ കേള്‍ക്കാനിരിക്കെ തീരുമാനം എടുക്കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി കപില്‍ സിബല്‍ ആവശ്യപ്പെട്ടു. മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനായുള്ള ഹര്‍ജി നാലാഴ്ചത്തേക്ക് മാറ്റിയതും സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തളളിയ കോടതി ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് രേഖപ്പെടുത്തിയാണ് ജാമ്യം നല്‍കിയത്. ഉത്തരവ് നടപ്പായെന്ന് റായിഗഡ് പൊലീസ് അറിയിക്കണം. വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. അര്‍ണബിന്റെ ചാനല്‍ കാണാറില്ലെന്നും വ്യക്തിസ്വാതന്ത്യം സംരക്ഷിക്കാന്‍ അത് തടസ്സമല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പരാമര്‍ശിച്ചു. ആത്മഹത്യപ്രേരണ കേസ് നിലനില്‍ക്കുമോ എന്ന് പിന്നീട് കോടതി തീരുമാനിക്കും.