LATESTNATIONAL

ഡോക്ടര്‍ ചമഞ്ഞ് ഡ്യൂട്ടിക്കെത്തിയ അറ്റന്‍ഡര്‍ അറസ്റ്റില്‍

ഡല്‍ഹി: വ്യാജഡോക്ടര്‍ ചമഞ്ഞ് രോഗികളെ പരിശോധിച്ച് വന്ന അറ്റന്‍ഡര്‍ അറസ്റ്റില്‍. ഡല്‍ഹി ലോക് തിലക് ആശുപത്രിയില്‍ അറ്റന്‍ഡറായ റാഷിദ് ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഡ്യൂട്ടിക്കെത്താത്ത ഒരു റെസിഡന്റെ് ഡോക്ടറാണ് തന്റെ ജോലി ചെയ്യാന്‍ റാഷിദ് ഖാനെ പണം നല്‍കി നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കാഷ്വാലിറ്റി വാര്‍ഡിലായിരുന്നു റാഷിദ് ഖാന്‍ ‘ഡോക്ടറായി’രോഗികളെ നോക്കിയിരുന്നത്. അറ്റന്‍ഡര്‍ ജോലി ചെയ്തിരുന്നതിനാല്‍ രോഗികളെ പരിചരിക്കുന്നതിനുള്ള രീതിയൊക്കെ ഇയാള്‍ക്ക് അറിയാമായിരുന്നു എന്നതും തട്ടിപ്പിന് സഹായമായി. പൊലീസ് പറയുന്നതനുസരിച്ച് തന്റെ പകരക്കാരനായി അറ്റന്‍ഡറെ നിയോഗിച്ച ഡോക്ടര്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ലോക് നായക് ആശുപത്രിയില്‍ ജോലിക്കെത്തുന്നത്. എന്നാല്‍ അധികം വൈകാതെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാള്‍ ലീവില്‍ പ്രവേശിച്ചു.
എന്നാല്‍ ലീവ് കഴിഞ്ഞ് തിരികെ വന്നത് മുതല്‍ ഇയാളുടെ പെരുമാറ്റത്തിലുള്ള മാറ്റം സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. മാസ്‌കും പിപിഇ കിറ്റുമൊക്കെയായി മുഴുവന്‍ മൂടിയിരിക്കുന്നതിനാല്‍ ആളുടെ മുഖവും അറിയാന്‍ സാധിച്ചിരുന്നില്ല. ‘എന്നാല്‍ പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും സംശയം വര്‍ധിച്ചതോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രി അധികൃതര്‍ ഇയാളോട് ഐഡി ആവശ്യപ്പെട്ടു. മുഖത്ത് മാസ്‌ക് നീക്കം ചെയ്യാനും പറഞ്ഞു. എന്നാല്‍ ഇതിന് തയ്യാറാകാതെ വന്നതോടെ ജീവനാക്കാര്‍ ഞങ്ങളെ അറിയിക്കുകയായിരുന്നു’. ഡല്‍ഹി പൊലീസ് അധികൃതര്‍ പറയുന്നു.
‘ഖാന്‍ എല്ലാദിവസവും ആശുപത്രിയിലെത്തുന്നുണ്ടെന്നും രോഗികളെ പരിചരിക്കുന്നുണ്ടെന്നും ഞങ്ങള്‍ കണ്ടെത്തി. ഡോക്ടറുടെ ഐഡിയും ഇയാള്‍ ഉപയോഗിച്ചിരുന്നു. ദിവസവും ആശുപത്രിയില്‍ വരുന്നതിന് തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു’ പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ റാഷിദ് ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ നല്‍കിയ മൊഴി പ്രകാരം ഇയാളെ നിയോഗിച്ച റെസിഡന്റ് ഡോക്ടറുടെ ഭാഗം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് രാജ്യതലസ്ഥാനത്തെ ലോക് നായക് ഹോസ്പിറ്റല്‍ കോവിഡ് 19 ഫെസിലിറ്റി സെന്റര്‍ ആക്കി മാറ്റിയത്. നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലെ ഏറ്റവും വലിയ കോവിഡ് സെന്ററാണിത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker