BREAKING NEWS

കര്‍ഷക സമരം: ഇടതു നേതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍. കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാന്‍ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായി.
ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്.
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പോലീസ് വളഞ്ഞു. താന്‍ വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് യു.പി. പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
സി.പി.എം. നേതാവ് മറിയം ധാവ്‌ലേയും രാജസ്ഥാനിലെ സി.പി.എം. നേതാവ് അമ്രാറാമും അറസ്റ്റിലായിട്ടുണ്ട്. സി.സി. അംഗം അരുണ്‍ മേത്ത ഗുജറാത്തില്‍ അറസ്റ്റിലായി. യുപിയിലും ഹരിയാനയിലും വ്യാപകമായ കരുതല്‍ തടങ്കലാണ് പോലീസ് നടപ്പിലാക്കുന്നത്. ഹരിയാനയിലെ സിഐടിയു അധ്യക്ഷ സുരേഖറാണിയെയും അറസ്റ്റ് ചെയ്തു
വളരെ ശക്തമായി തന്നെ കര്‍ഷകരുടെ പ്രക്ഷോഭവും തുടരുകയാണ്. പശ്ചിമബംഗാളിലും ബിഹാറിലും തീവണ്ടി തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു.
ജയ്പുരില്‍ ബി.ജെ.പി. ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കര്‍ഷക പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗന്ധി കോണ്‍ഗ്രസ്സ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലാണ്. സിംഘു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍, വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത ഡല്‍ഹി പോലീസ് നിഷേധിച്ചു.
നാളെ സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തുന്ന നാലാം ഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ്. ഇതുവരെ നടന്ന മൂന്ന് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. അനുകൂല തീരുമാനം നടന്നില്ലെങ്കില്‍ ഇനി ചര്‍ച്ചക്ക് പോകേണ്ടെന്നാണ് കര്‍ഷകരുടെ തീരുമാനം. കരുതല്‍ തടങ്കലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണുന്നുണ്ട്. നാളെ വൈകിട്ട് രാഷ്ട്പതിയ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button