ഇടുക്കി: പ്രണയം നടിച്ച് വശീകരിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ ഇടുക്കി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുടില്‍ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടില്‍ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്പില്‍ പ്രഭാത് പ്രകാശ് (20) എന്നിവരെയാണ് സി.ഐ എച്ച്.എല്‍ ഹണി, എസ്. ഐ അനൂപ് മോന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതികളിലൊരാള്‍ പ്രണയം നടിച്ച് അടുപ്പത്തിലാകുകയും നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ചു കൊണ്ടിരുന്ന ചിത്രങ്ങള്‍ വര്‍ഷങ്ങളായി മറ്റുള്ളവര്‍ക്ക് നല്‍കുകയും, ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വാട്സാപ്പില്‍ ചിത്രം ലഭിച്ച ഒരാള്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. ഇവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇരുപ്രതികളെയും പിടി കൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.