KERALAKOLLAMLATEST

പൊലീസുകാരനെ കുഴിയിലേക്ക് തള്ളിയിട്ടു പോക്‌സോ കേസ് പ്രതികള്‍ കൈവിലങ്ങുമായി രക്ഷപ്പെട്ടു

കൊല്ലം: പോക്‌സോ കേസില്‍ പിടിയിലായ മൂന്ന് പ്രതികള്‍ കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പോക്‌സോ കേസിനു പുറമേ ഒട്ടേറെ കേസുകളില്‍ പ്രതികളായ കല്ലുവാതുക്കല്‍ പുലിക്കുഴി ചരുവിള വീട്ടില്‍ ജിത്തു (കുട്ടന്‍24), മനു (26), ചിന്നുക്കുട്ടന്‍ (20) എന്നിവരാണു രക്ഷപ്പെട്ടത്. പ്രതികള്‍ കുഴിയിലേക്ക് തള്ളിയിട്ട പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി വി.അനൂപിനാണ് (31) നട്ടെല്ലിനു സാരമായി പരുക്കേറ്റത്. കൈകള്‍ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. എആര്‍ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിയിലായിരുന്നു. ഞായര്‍ രാത്രി 11നു പെരുമ്പുഴ യക്ഷിക്കാവ് കോളനിയിലാണ് സംഭവം. പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ജിത്തുവും മനുവും ചിന്നുക്കുട്ടനും. പ്രതികള്‍ യക്ഷിക്കാവിനു സമീപം ഒളിവില്‍ കഴിയുന്നതറിഞ്ഞാണു പാരിപ്പള്ളി എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം എത്തിയത്.
വീടിന്റെ മുറ്റത്ത് പായ വിരിച്ചു കിടക്കുകയായിരുന്നു പ്രതികള്‍. ഇവരെ വളഞ്ഞു വച്ച ശേഷം മനുവിനെയും ചിന്നുക്കുട്ടനെയും ഒരു വിലങ്ങില്‍ ബന്ധിച്ചു. ഒന്നാം പ്രതിയായ ജിത്തുവിന്റെ കയ്യില്‍ വിലങ്ങിടാന്‍ ഒരുങ്ങുന്നതിനിടെ പരിസരവാസികളെത്തി. ഇതോടെ ജിത്തു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അനൂപ് പിന്നാലെ ഓടി. പിടികൂടുമെന്നായപ്പോള്‍ ജിത്തു പൊലീസുകാരെ തള്ളിയിടുകയായിരുന്നു. അനൂപ് കുഴിയിലേക്കാണു വീണത്. ഇതിനിടെ മറ്റ് പൊലീസുകാരെ ആക്രമിച്ചു മനുവും ചിന്നുക്കുട്ടനും കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു.
അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം മുന്‍പ് വീട് ആക്രമിച്ചത് ഉള്‍പ്പെടെ പത്തിലേറെ കേസുകളിലെ പ്രതികളാണ് മൂവരും.

Tags

Related Articles

Back to top button
Close