KERALAKOLLAMLATEST

ഐഎഎസ് കിട്ടിട്ടും അന്നം തന്ന ജോലി അവസാന ദിനവും ഭംഗിയായി പൂര്‍ത്തിയാക്കി ഫയര്‍മാന്‍ അശിഷ് ദാസ്

പത്തനാപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291 മത്തെ റാങ്ക് കരസ്ഥമാക്കിയെങ്കിലും ജോലിയിലെ അവസാന ദിവസം തന്റെ ചുമതല പൂര്‍ണ്ണമായും നിര്‍വഹിച്ച ശേഷമാണ് ആശിഷ് ദാസ് വീട്ടിലേക്ക് മടങ്ങിയത്. താന്‍ ഇനിമുതല്‍ ഒരു ഐഎഎസുകാരനാണ് എന്നറിഞ്ഞിരുന്നിട്ടും ഒരു മടിയും കൂടാതെ അവസാന ദിവസത്തെ തന്റെ ജോലിയുടെ ഭാഗമായി അണുനശീകരണ ബാഗ് തോളിലേറ്റി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു ഈ ഐഎഎസ് റാങ്കുകാരന്‍.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുണശീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്നലെ നടന്നത്. ആശിഷ് ദാസിനെ ഒക്ടോബര്‍ 5 ന് പത്തനാപുരം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും യാത്രയയപ്പ് നല്‍കും. രാവിലെ അഗ്‌നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പില്‍ തന്റെ രണ്ട് സഹപ്രവര്‍ത്തകരോടൊപ്പമാണ് ആശിഷ് ജോലിയ്ക്ക് എത്തിയത്.
ആരോഗ്യ കേന്ദ്രത്തിലെ ചിലര്‍ ആശിഷിനെ തിരിച്ചറിയുകയും കുശലം ചോദിക്കുകയും ചെയ്തുവെങ്കിലും വളരെ വിനയത്തോടെയുള്ള മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും വളരെ നല്ല അഭിപ്രായമാണ് ആശിഷിനെ പറ്റിയുള്ളത്. സിവില്‍ സര്‍വീസ് റാങ്ക് ലഭിച്ചിട്ടും ഫയര്‍മാന്റെ ചുമതലകളില്‍ നിന്നും മാറി നില്‍ക്കുകയോ അല്ലെങ്കില്‍ പണിയെടുക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് കാണിക്കുകയോ ഒന്നുമില്ലെന്നും ആശിഷിനെപറ്റി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ഒക്ടോബര്‍ 9 നാണ് ആശിഷ് പരിശീലനത്തിനായി മസൂറിയിലേക്ക് പോകുന്നത്. ഫയര്‍ ഫോഴ്‌സ് പരീക്ഷയില്‍ ലഭിച്ച ഒന്നാം റാങ്കാണ് തനിക്ക് സിവില്‍ സര്‍വീസിനായി തയ്യാറെടുക്കാന്‍ പ്രചോദനമായതെന്ന് ആശിഷ് പറഞ്ഞിരുന്നു. കൊല്ലം മുഖത്തലയിലെ ആശിഷ് ഭവനില്‍ യേശുദാസിന്റെയും റോസമ്മയുടെയും മകനാണ് ആശിഷ്. ഫയര്‍ സര്‍വീസിലെ ഫയര്‍ ഓഫീസറായി അഞ്ചുവര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷ എഴുതി 291 മത്തെ റാങ്ക് നേടിയത്.

Related Articles

Back to top button