ന്യൂഡല്‍ഹി: കലാപബാധിത മണിപ്പൂരില്‍ സുരക്ഷാ ചുമതലയിലുള്ള അസം റൈഫിള്‍സിനെ ബഹിഷ്‌കരിക്കാന്‍ മെയ്‌തെയ് സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. ഇന്തോ – മ്യാന്മര്‍ അതിര്‍ത്തി രക്ഷാ ചുമതലയിലുള്ള അസം റൈഫിള്‍സിനാണ് മണിപ്പൂരില്‍ മെയ്‌തെയ് – കുക്കി സംഘര്‍ഷം നിയന്ത്രിക്കാനുള്ള ചുമതലയും നല്‍കിയത്. ഇതിനിടെയാണ് സംഘടനകളുടെ നീക്കം. അസം റൈഫിള്‍സ് സേനാംഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ആനുകൂല്യവും സ്വീകരിക്കരുതെന്ന് മെയ്‌തെയ് വിഭാഗക്കാരുടെ മണിപ്പൂര്‍ യൂണിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അനിശ്ചിതകാലത്തേക്കാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജനത്തോടും തീരുമാനം പിന്തുണക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യ – മ്യാന്മര്‍ അതിര്‍ത്തി രക്ഷാ ചുമതലയില്‍ നിന്ന് അസം റൈഫിള്‍സിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പകരം ചുമതല ഇന്ത്യന്‍ ആര്‍മി, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവയില്‍ ഏതെങ്കിലും സംഘത്തിന് നല്‍കണമെന്നും ആവശ്യപ്പെടുന്നു. കുക്കി സമുദായത്തോട് അനുഭാവത്തോടെയും പക്ഷപാതപരമായുമാണ് അസം റൈഫിള്‍സ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ബഹിഷ്‌കരണത്തോട് അസം റൈഫിള്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് മെയ്‌തെയ് വിഭാഗക്കാരായ സ്ത്രീകള്‍ അസം റൈഫിള്‍സ് അംഗങ്ങളെ തടയുന്നത് സ്ഥിരമാണെന്നും ജോലി ചെയ്യാന്‍ അനുവദിക്കാറില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഇന്ന് ഡല്‍ഹിയില്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മെയ് മാസം ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 220 പേര്‍ കൊല്ലപ്പെട്ടുവെന്നും 60000 പേര്‍ അഭയാര്‍ത്ഥികളായെന്നുമാണ് കണക്ക്.
146 1 minute read