ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം നിയന്ത്രണരേഖയില്‍ ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകള്‍ക്കായി വിന്യസിച്ചു. അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സില്‍നിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കന്‍ കശ്മീരിലെ താങ്ക്ധര്‍ സെക്ടറിലാണ് ഡെപ്യൂട്ടേഷനില്‍ നിയോഗിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ ഗുര്‍സിമ്രാന്‍ കൗറിനാണ് ഇവരുടെ നേതൃത്വം. നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്‌പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, സ്ത്രീകളുടെ ശരീരപരിശോധന തുടങ്ങിയ ജോലികളും ഇവരുടെ ഉത്തരവാദിത്വമാണ്.
13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവര്‍ഷമാണ് മിലിട്ടറി പോലീസ് വിഭാഗത്തില്‍ സാധാരണ സൈനികരായി (ജവാന്‍) സ്ത്രീകളെ തിരഞ്ഞെടുത്തത്. അമ്പതോളം വരുന്ന ഇവര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. അതേസമയം, കരസേനയുടെ ഇന്‍ഫന്‍ട്രി, ആര്‍ട്ടിലറി, മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രി തുടങ്ങിയ സായുധവിഭാഗങ്ങളില്‍ വനിതകളെ നിയമിക്കാറില്ല.