കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നു വന്നത് വര്‍ക്ക് ഫ്രം ഹോം അനാവശ്യമായ നഗരവല്‍ക്കരണത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടുമെന്ന് ഡോ. ശശി തരൂര്‍ എംപി. അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന പ്രഭാഷണ പരമ്പരയായ ബിയോണ്ട് സ്ക്വയര്‍ ഫീറ്റിന്റെ ഭാഗമായി ആഗോള പാര്‍പ്പിട ദിനമത്തോടനുബന്ധിച്ച് കമ്പനിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്ക്കും വീട് ഒരു മെച്ചപ്പെട്ട നഗരഭാവി എന്നതാണ് ഇത്തവണത്തെ പാര്‍പ്പിടദിന ഇതിവൃത്തം. 3035% എന്ന നിരക്കില്‍ നിന്ന് ഇന്ത്യയിലെ നഗരവല്‍ക്കരണത്തിന്റെ വളര്‍ച്ച 2030ഓടെ 40% ആകുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് വന്നത്. കോവിഡ് ഭീഷണി ഒഴിഞ്ഞാലും ട്വിറ്റര്‍ പോലും വര്‍ക് ഫ്രം ഹോം തുടരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്താക്കളുടെ ജോലികള്‍ ബാംഗ്ലൂരിലും ഹൈദ്രാബാദിലും ഇരുന്ന് ചെയ്യാമെങ്കില്‍ അവ നാട്ടിന്‍പുറങ്ങളിലെ വീടുകളിലും ഇരുന്ന് ചെയ്യാനാവുമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചു. നഗരങ്ങളിലെ സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കുകയാണ് വേണ്ടത് എന്ന മുന്‍ പ്രസിഡന്റ് എപിജെ അബ്ദുല്‍കലാമിന്റെ കാഴ്ചപ്പാട് ഇത്തരുണത്തില്‍ പ്രസക്തമാണ്. അന്ന് അദ്ദേഹം അതു പറഞ്ഞപ്പോള്‍ അതിനെ പകല്‍ക്കിനാവെന്ന് പരിഹസിച്ചവരുണ്ട്. എന്നാല്‍ കോവിഡ് അതിനെ യാഥാര്‍ത്ഥ്യമാക്കി. മികച്ച ബ്രോഡ്ബാന്‍ഡും ഇടതടവില്ലാത്ത വൈദ്യുതി ലഭ്യതയും നാട്ടിന്‍പുറങ്ങളില്‍ ലഭ്യമാക്കിയാല്‍ അനാവശ്യമായ നഗരവല്‍ക്കരണവും അതു വഴിയുള്ള ദോഷങ്ങളും ഒഴിവാക്കാനാവും.
കോവിഡ് ഭീഷണി ചെറുക്കാന്‍ വീട്ടില്‍ത്തന്നെ ഇരിയ്ക്കാനാണ് പറയുന്നത്. എന്നാല്‍ എത്ര പേര്‍ക്ക് സുരക്ഷിതമായ വീടുകളുണ്ട്? ലോകത്ത് 180 കോടിയിലേറെപ്പേര്‍ക്ക് ആവശ്യമായ പാര്‍പ്പിടങ്ങളില്ല. 300 കോടിയോളം പേര്‍ക്ക് നന്നായി കൈകകഴുകാനുള്ള സൗകര്യവും ശുചിമുറികളുമില്ല. ഇന്ത്യയില്‍ നാലു കോടിയിലേറെപ്പേര്‍ക്കാണ് പാര്പ്പിടങ്ങളില്ലാത്തത്. ഇതെല്ലാം കോവിഡിനു മുമ്പത്തെ കണക്കുകളാണെന്നോര്ക്കണം. കോവിഡ് മൂലം വലിയ തോതില്‍ തൊഴില്‍ നഷ്ടങ്ങളും വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 2.1 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അങ്ങനെ കൂടുതല്‍ പേര്‍ക്ക് പാര്‍പ്പിടങ്ങളും മറ്റു സൗകര്യങ്ങളും നഷ്ടമാകും. പാര്‍പ്പിട വിപണിയുടെ വന്‍വളര്‍ച്ചാ സാധ്യതകളിലേയ്ക്കു കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. കോവിഡിനു ശേഷമുള്ള തിരിച്ചു വരവ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സംഭവിക്കുമെന്ന് കണക്കുകൂട്ടുന്നവരുണ്ട്. സുസ്ഥിരമായ ജീവിതശൈലി രൂപപ്പെടുത്താന്‍ നിര്ബന്ധിതകമാകുന്നതും നല്ല കാര്യമാണ്. താങ്ങാവുന്ന വിലകളില്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുക, പൊതുജീവിതത്തിനുള്ള തുറന്ന സ്ഥലങ്ങള്‍ ലഭ്യമാക്കുക, മലിനീകരണം നിയന്ത്രിക്കുക, ശാസ്ത്രീയമായ മാലിന്യ സംസ്കരണം എന്നിവ ഇക്കാര്യത്തില്‍ പ്രധാനമാണ്.
കമ്പനികള്‍ പ്രോഫിറ്റിന്റെ ലാഭത്തിന്റെ പിയില്‍ മാത്രം ഊന്നാതെ ജോണ്‍ എല്കിംഗ്ടണ് ഉന്നയിച്ച മറ്റു രണ്ടു പികള്‍ കൂടി കണക്കിലെടുക്കുന്ന ത്രിമാന അറ്റാദായതലത്തില് ശ്രദ്ധിക്കണം. പരിസ്ഥിതി (പ്ലാനറ്റ്), സമൂഹം (പീപ്പ്ള്) എന്നിവയാണ് ആ രണ്ട് പികള്‍. ട്രിപ്പ്ള്‍ ബോട്ടംലൈന്‍ എന്നറിയപ്പെടുന്ന ആ സമീപനം സുസ്ഥിരമായ നിലനില്‍പ്പിന് ഏറെ പ്രധാനമാണെന്നും ഡോ. തരൂര്‍ പറഞ്ഞു. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി.യും ചടങ്ങില്‍ പ്രസംഗിച്ചു. ഇത് പതിനേഴാമത് തവണയാണ് ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പരമ്പരയില്‍ അസറ്റ് ഹോംസ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി മൂന്നു പ്രഭാഷണങ്ങളാണ് ബിയോണ്ട് ദി സ്ക്വയര്‍ഫീറ്റ് പ്രഭാഷണപരമ്പരയുടെ ഭാഗമായി അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്നത്.