ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതരികയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. റെഡ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി തിളങ്ങിനിന്ന് താരം അശ്വതി പിന്നീട് അവതാരികയായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി.
നിരവധി ഇവന്റുകളിലും ഷോകളിലും അവതാരകയായ അശ്വതി ഇന്ന് മുന്‍ നിര അവതാരികമാരിലൊരാളാണ്. സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുകയും അഭിപ്രായങ്ങള്‍ വ്യക്തമാക്കുകയും കൂടി ചെയ്യുന്ന ഒരാളുകൂടിയാണ് അശ്വതി. തന്റെ വാക്കുകള്‍കൊണ്ട് എപ്പോഴും ആരാധകരെ വിസ്മയിപ്പിക്കാറുള്ള താരം ഒരു എഴുത്തുകാരിയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ച രാത്രിയെ കുറിച്ച് പറയുകയാണ് ഇപ്പോള്‍. അശ്വതിയുടെ വാക്കുകള്‍; ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയുടെ ഓര്മ്മയാണിന്ന്. മനുഷ്യന്മാര് ഇങ്ങനങ്ങ് മരിച്ച് പോകാവോ?ഒറ്റ വാക്കും പറയാതെ, പതിവുള്ളൊരുമ്മ പോലും തരാതെ, ഇനി എന്നു കാണുമെന്ന് പറയാതെ, അമ്മ കോരിക്കൊടുത്ത ഇത്തിരി കഞ്ഞി കുടിച്ച്.
അയല്പക്കത്തെ ആലീസ് ചേച്ചിയുടെ കൈയില്‍ നിന്ന് ഇത്തിരി വെള്ളം വാങ്ങി കുടിച്ച്, എന്റെ നാരായണാന്നു അമ്മയുടെ മടിയിലേയ്ക് വീണ്, ഒരു രാത്രി ഒറ്റയ്ക്കങ്ങൊരു പോക്ക്. ആഹ് പോട്ടെ എനിക്കും കാണണ്ട പക്ഷേ പിന്നേമെന്തിനാ എന്റെ സ്വപ്നത്തില്‍ വന്ന് ഉറക്കെ ചുമയ്ക്കുന്നെ? കട്ടില് ചോട്ടില് കോളാമ്പി തിരയുന്നേ? ധന്വന്തരത്തിന്റെ കുപ്പി കമഴ്ത്തുന്നെ? നരച്ച മൂടിലെ തുളസിക്കതിര് ഇട്ടേച്ച് പോകുന്നെ?
അമ്മയെ നോക്കണേടീ കൊച്ചേന്ന് പറയുന്നേ? ഒരു ഉമ്മ കടമുണ്ടെന്ന് പിന്നെയും ഓര്‍മ്മിപ്പിക്കുന്നെ? പോയവര്‍ക്ക് അങ്ങ് പോയാ പോരെ! അമ്മാമ്മച്ചി മരിച്ചു പോയാല്‍ ഞാനും മരിക്കും എന്ന് ഉറപ്പിച്ചിരുന്നൊരു കൗമാരക്കാരി കരഞ്ഞും പതം പറഞ്ഞും തളര്‍ന്നും തുഴഞ്ഞും കടലെത്ര കടന്നിരിക്കുന്നു. പതിനേഴു വര്‍ഷം കഴിഞ്ഞും എഴുതി മുഴുമിക്കാന്‍ വയ്യാത്ത വണ്ണം ഈ ഓര്‍മ്മയില്‍ ഇത്രമേല്‍ പെയ്യണമെങ്കില്‍ നോവെത്ര തീരാതെ ബാക്കിയുണ്ടാവണം. താരം കുറിച്ചു.