WORLDOTHER

ഓസ്‌ട്രേലിയയിലെ പെന്‍ഷനര്‍മാര്‍ക്ക് പതിവ് പോലെ ഈ സെപ്റ്റംബറില്‍ പെന്‍ഷന്‍ കൂടില്ല

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പെന്‍ഷനര്‍മാര്‍ക്ക് എല്ലാ സെപ്റ്റംബറിലുമുണ്ടാകാറുള്ള പതിവ് പെന്‍ഷന്‍ വര്‍ധനവ് ഈ സെപ്റ്റംബറിലുണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസസ് രംഗത്തെത്തി. കോവിഡ് പ്രതിസന്ധി കാരണമുള്ള നാണ്യച്ചുരുക്കമാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്. 1997ന് ശേഷം ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ പെന്‍ഷന്‍ സ്വാഭാവികമായി വര്‍ധിക്കാതിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാതിരിക്കുന്ന നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. ഇത്തരത്തില്‍ പെന്‍ഷനര്‍മാര്‍ക്ക് ലഭിക്കേണ്ട വരുമാനം വെട്ടിക്കുറയ്‌ക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇതല്ലാതെ നിവൃത്തിയില്ലെന്നുമാണ് സോഷ്യല്‍ സര്‍വീസ് വക്താവായ ലിന്‍ഡ ബേണി ആര്‍ഗ്യൂസ് ന്യായീകരിക്കുന്നത്.
ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വരുമെന്ന് തന്റെ ഗവണ്‍മെന്റ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നതും ശ്രമിച്ച് വരുന്നുവെന്നുമാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് പെന്‍ഷന്‍ വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലുമായി രണ്ട് പ്രാവശ്യം സ്വാഭാവികമായി വര്‍ധിക്കാറുണ്ട്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് അല്ലെങ്കില്‍ പെന്‍ഷനര്‍ ആന്‍ഡ് ബെനിഫിഷ്യറി ലിവിംഗ് കോസ്റ്റ് ഇന്‍ഡെക്‌സ് എന്നിവയ്ക്ക് മുകളിലായിട്ടാണ് ഇത്തരത്തില്‍ പെന്‍ഷന്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കാറുള്ളത്. കോവിഡ് കാരണം നിരവധി പേരുടെ തൊഴിലുകള്‍ നഷ്ടപ്പെട്ടതിനാല്‍ വരുമാനം നിലയ്ക്കുകയും പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളേറുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ പെന്‍ഷന്‍ വര്‍ധിക്കാതിരിക്കുന്നത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

Related Articles

Back to top button