BREAKING NEWSLATESTNATIONALNEWS

ഇന്ന് ഉച്ചയ്ക്ക് 12.30 ന് അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയും ശിലാസ്ഥാപനവും

അയോധ്യ: ഭക്തരുടെ വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിനും നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവില്‍ ബുധനാഴ്ച അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് തുടക്കമാകും. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രംപണിക്ക് ഔപചാരിക തുടക്കംകുറിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.
ചടങ്ങുകള്‍ക്ക് മുന്നോടിയായി അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയില്‍ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിക്കുക. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു.പി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കേ മോദിക്കൊപ്പം വേദിയില്‍ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമിടുന്നതോടെ ബി.ജെ.പി.യുടെ ദീര്‍ഘകാല രാഷ്ട്രീയ അജന്‍ഡകളിലൊന്നാണ് യാഥാര്‍ഥ്യമാകുന്നത്. പത്തുവര്‍ഷം നീളുന്ന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളും പൂര്‍ത്തീകരിച്ച ക്ഷേത്രസമുച്ചയവും അവരുടെ വരുംകാല രാഷ്ട്രീയപ്രചാരണങ്ങളില്‍ നിര്‍ണായകമാകും.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന്റെ ഒന്നാംവാര്‍ഷികത്തിലാണ് രാമക്ഷേത്രനിര്‍മാണത്തിനു തുടക്കംകുറിക്കുന്നത്.
രാമക്ഷേത്രനിര്‍മാണം, ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കല്‍, മുത്തലാഖ് നിരോധനം, പൗരത്വനിയമ ഭേദഗതി തുടങ്ങിയവയാണ് രൂപവത്കരണ കാലംമുതല്‍ ബി.ജെ.പി.യുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍.
ഇവ നാലും രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യവര്‍ഷ ഭരണത്തില്‍ത്തന്നെ നടപ്പാക്കിയെന്നത് തിരഞ്ഞെടുപ്പ് കളത്തില്‍ ബി.ജെ.പി. ഉയര്‍ത്തിക്കാട്ടും.
രണ്ട് എം.പി.മാരില്‍നിന്ന് 303 പേരെന്ന നിലയിലേക്ക് ബി.ജെ.പി. വളര്‍ന്നതില്‍ അയോധ്യ ഉയര്‍ത്തിയുള്ള അതിതീവ്രഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ക്ക് നിര്‍ണായകപങ്കുണ്ട്. ഉത്തര്‍പ്രദേശ്ബിഹാര്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുറപ്പിക്കുന്നതിനും ബി.ജെ.പി.യെ അയോധ്യ സഹായിച്ചു.
1996ലെ തിരഞ്ഞെടുപ്പിലാണ് രാമക്ഷേത്രമെന്ന വാഗ്ദാനം ബി.ജെ.പി. ആദ്യമായി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്. 2019 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വാഗ്ദാനം ആവര്‍ത്തിച്ചു.
പാര്‍ട്ടിക്ക് അംഗബലം കുറവായിരുന്ന എന്‍.ഡി.എ. ഭരണകാലങ്ങളില്‍ വിഷയം ഒതുക്കിവെക്കാനും കേവലഭൂരിപക്ഷംനേടി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ പുറത്തെടുക്കാനുമുള്ള രാഷ്ട്രീയസാമര്‍ഥ്യം ബി.ജെ.പി.എക്കാലത്തും കാണിച്ചിരുന്നു. 1999 മുതല്‍ 2004 വരെയുള്ള വാജ്‌പേയി ഭരണകാലത്ത് സഖ്യകക്ഷികളുടെ സമ്മര്‍ദം മൂലം അയോധ്യാവിഷയം സജീവമാക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞിരുന്നില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker