HEALTHBREAKING NEWS

കോവിഡിനെ നേരിടാന്‍ ആയുര്‍വേദ, യോഗ മാര്‍ഗരേഖ

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ ആയുര്‍വേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സനിയന്ത്രണ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിന്റെ സാന്നിധ്യത്തില്‍ വെര്‍ച്വലായാണ് പ്രകാശനം നടത്തിയത്.
ആധുനികകാലത്തും പരമ്പരാഗത വിജ്ഞാനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നതാണ് മാര്‍ഗരേഖയെന്ന് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ആയുര്‍വേദത്തിന് അര്‍ഹമായ ശ്രദ്ധ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളര്‍ച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ കൈകാര്യംചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാര്‍ഗരേഖയില്‍ പറയുന്നത്. വൈറസിനെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാര്‍ഗരേഖ എടുത്തുപറയുന്നു. അശ്വഗന്ധ, ഗുളുചി, ഗണ വടിക, ച്യവനപ്രാശം തുടങ്ങിയവ ഇതിന് ഗുണം ചെയ്യുന്നതാണ്.
ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ക്ക് ഗുളുചി, ഗണ വാടി, ഗുളുചിപിപ്പലി, ആയുഷ്64 എന്നിവയും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ചെറിയതോതില്‍ രോഗം ബാധിച്ചവര്‍ക്കും ഗുളുചിപിപ്പലി, ആയുഷ്64 ഗുളിക ഗുണം ചെയ്യും. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോള്‍ തുടരേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാന്‍ ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് രോഗികളോട് നിര്‍ദേശിക്കാമെന്നും നടപടിക്രമത്തില്‍ പറയുന്നു.
ലഘുവായ ലക്ഷണങ്ങളുള്ളവര്‍ മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ക്കൊള്ളുക, ത്രിഫല ചേര്‍ത്ത് വെള്ളം തിളപ്പിച്ച് വായില്‍ക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിര്‍ദേശിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി എസ്. രാജേഷ് ഭൂഷണ്‍, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കഠോച്, ആയുഷ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button