HEALTHKOZHIKODE

കോവിഡ്: പ്രതിരോധമാണ് മികച്ച വഴി, ആയുഷ് ക്ലിനിക്കുകള്‍ ആരംഭിക്കണം- യുനാനി ഡോക്ടര്‍മാര്‍

കോഴിക്കോട്: കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആയുഷ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കണമെന്ന് യുനാനി വിദഗ്ധര്‍. മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച ഇത്തരം അറുനൂറിലധികം ക്ലിനിക്കുകള്‍ മികച്ച ഫലം ചെയ്തിട്ടുണ്ട്. കൊവിഡ് രോഗ പ്രതിരോധത്തിന് ചെലവ് കുറഞ്ഞതും മികച്ചതുമായ ആയുഷ് ചികിത്സാരീതികള്‍ രാജ്യത്താകെ നടപ്പിലാക്കണമെന്ന് ആയുഷ് മന്ത്രാലയം മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും യുനാനി ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദിനം പ്രതി കൊവിഡ് ഭീതി വ്യാപകമാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുകയുമാണ്. പ്രതിരോധ ചികിത്സ നല്‍കി കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുകയാണ് ഈ ഘട്ടത്തില്‍ ഭരണകൂടത്തിന് മുമ്പിലെ ഏക പോംവഴി. ആയുഷ് ചികിത്സാ രീതികള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
ആയുഷ് വകുപ്പിന് കീഴിലുള്ള യുനാനി, ആയുര്‍വേദം, ഹോമിയോ, സിദ്ധ എന്നിവകളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംയുക്ത സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് പ്രമുഖ യുനാനി വിദഗ്ധനും മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ഡയരക്ടറുമായ ഡോ. കെ ടി അജ്മല്‍ ആവശ്യപ്പെട്ടു. കൊവിഡ് രോഗലക്ഷണങ്ങളെയും രോഗിയുടെ ആരോഗ്യനിലയും നിരീക്ഷിച്ച് ചികിത്സിക്കുന്ന രീതിയാണ് നിലവിലുള്ളത്. രോഗലക്ഷണങ്ങളെ അപഗ്രഥനം നടത്തിയും വ്യക്ത്യാധിഷ്ഠിത അവലോകനത്തിലൂടെയും ചികിത്സ നിര്‍ണയിക്കുന്നതില്‍ ആയുഷ് സമ്പ്രദായത്തില്‍ സവിശേഷ രീതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആയുഷിന്റെ പ്രതിരോധ ചികിത്സാ സാധ്യതകള്‍ കൂടെ ഉള്‍പ്പെടുത്തി ഒരു പുതിയ കേരള മോഡല്‍ ലോകാരോഗ്യ സംഘടനക്ക് മുമ്പില്‍ അവതരിപ്പിക്കണമെന്ന് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകളും സാധ്യതകളും ലഭ്യമാക്കുന്നത് സംബന്ധിച്ച് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോളജ് ജോ. ഡയരക്ടര്‍ ഡോ. ഹാറൂണ്‍ മന്‍സൂരി, അസി. ഡയരക്ടര്‍ ഡോ. യു കെ ശരീഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരും സംബന്ധിച്ചു

Related Articles

Back to top button