BREAKING NEWSKERALALATEST

ബാലഭാസ്‌കറിന്റെ അപകടമരണം: കലാഭവന്‍ സോബി പറഞ്ഞത് കളവെന്ന് സി.ബി.ഐ.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി നല്‍കിയ മൊഴികളൊന്നും വിശ്വസനീയമല്ലെന്ന് സി.ബി.ഐ. അപകടം നടന്ന് ഏറെക്കഴിഞ്ഞശേഷം ഈ സ്ഥലത്തുകൂടി സോബി പോയിട്ടുണ്ട്. അല്ലാതെ അപകടത്തിനു സാക്ഷിയല്ല. അപകടത്തിനു തൊട്ടുമുമ്പ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കുന്നതു കണ്ടുവെന്നു പറഞ്ഞതും തെറ്റാണ്. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു.
അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു സോബിയുടെ ആരോപണം. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയെ അപകടസ്ഥലത്ത് കണ്ടുവെന്നും സോബി പറഞ്ഞിരുന്നു. എന്നാല്‍, ശാസ്ത്രീയമായ അന്വേഷണത്തിലും നുണപരിശോധനയിലും ഇതെല്ലാം കളവാണെന്നു സി.ബി.ഐ. കണ്ടെത്തി. അപകടത്തിനു തൊട്ടുപിന്നാലെ ഡ്രൈവറെ ഫോണ്‍ ചെയ്‌തെന്നായിരുന്നു സോബിയുടെ മൊഴി. എന്നാല്‍, ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍, അപകടത്തിന് രണ്ടു മണിക്കൂറിനുശേഷമാണ് സോബി ഡ്രൈവറെ വിളിച്ചതെന്നു സ്ഥിരീകരിച്ചു. സോബി പറഞ്ഞ പ്രതി അപകടം നടന്ന സമയം ബെംഗളൂരുവിലായിരുന്നു.
ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിച്ചുവെന്നു സോബി പറയുന്ന പെട്രോള്‍ പമ്പില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ല. വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും ഇതിനു ശക്തിപകര്‍ന്നത് സോബിയുടെ വെളിപ്പെടുത്തലുകളായിരുന്നു.

Related Articles

Back to top button