LATESTVAYANADU

കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു 40 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹവുമായി കര്‍ഷക കുടുംബം

കല്‍പറ്റ: ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെ.എസ.്ഇ.ബി ഏറ്റെടുത്ത അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിന്റേതാണ് ഈ ദുരവസ്ഥ. നീതിക്കായി ഇതിനകം ജോസഫ് മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. ഒടുവില്‍ 86ാം വയസില്‍ ജോസഫ് സമരത്തിനിറങ്ങി. അദ്ദേഹവും കുടുംബവും വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാര്‍ഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കര്‍ഷക സംഘടനകളും രംഗത്തുണ്ട്.
1976 മുതല്‍ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ല്‍ കെ.എസ.്ഇ.ബി ഏറ്റെടുത്തത്. തരിയോട് താണ്ടിക്കോട് എസ്റ്റേറ്റ് ഉടമ ഡോ.ഡി.കെ.വര്‍ഗീസ് അദ്ദേഹത്തിന്റെ ജോലിക്കാരനായിരുന്ന പുരയിടിത്തില്‍ തോമസിനു സൗജന്യമായി നല്‍കിയ ഭൂമിയാണ് ജോസഫിന്റെ കൈവശത്തിലെത്തിയത്. ബന്ധുവായ തോമസ് ചെറിയ തുക പ്രതിഫലം വാങ്ങിയാണ് ഭൂമി ജോസഫിനു നല്‍കിയത്. ഈ സ്ഥലത്തിനു പട്ടയം നേടുന്നതിനു ജോസഫ് കല്‍പറ്റ ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ജോസഫിന്റെ കൈവശമുള്ളതു നിക്ഷിപ്ത വനഭൂമിയാണെന്ന തെറ്റായ വിവരം തരിയോട് ജോലി ചെയ്തിരുന്ന വനം ഉദ്യോഗസ്ഥന്‍ ലാന്‍ഡ് ട്രിബ്യൂണലിനെ അറിയിച്ചതാണ് പട്ടയം അനുവദിക്കുന്നതിനു തടസ്സമായത്. ജോസഫിനോടു വ്യക്തിവിരോധമുള്ളയാളായിരുന്നു വനം ഉദ്യോഗസ്ഥന്‍. വനത്തില്‍നിന്നു തടിയും വിറകും കടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതാണ് ഉദ്യോഗസ്ഥന്റെ വിരോധത്തിനു ഇടയാക്കിയതെന്നു ജോസഫ് പറയുന്നു.
തരിയോട് നോര്‍ത്ത് വില്ലേജില്‍ 1981ല്‍ 11 പേരുടെ ഭൂമിയാണ് കെ.എസ്.ഇ.ബി ഏറ്റെടുത്തത്. ഇതില്‍ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചു. കൈവശ കുടുംബങ്ങള്‍ക്കു പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടു 1989ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, തൃക്കൈപ്പറ്റ, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, വെള്ളരിമല വില്ലേജുകളില്‍ സംയുക്ത പരിശോധന നടന്നിരുന്നു. പരിശോധനയില്‍ അര്‍ഹരെന്നു കണ്ടെത്തിയ 477 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും ജോസഫിനു പട്ടയമോ കൈവശരേഖയോ കിട്ടിയില്ല. ഭൂമിക്കു രേഖയും വൈദ്യുതി ബോര്‍ഡില്‍നിന്നു നഷ്ടപരിഹാരവും ലഭിക്കാത്ത സാഹചര്യത്തില്‍ 2002ല്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. സംയുക്ത പരിശോധനയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു 2004ല്‍ കോടതി ഉത്തരവായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സാമ്പത്തിക പരാധീനതമൂലം ജോസഫിനു വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിഞ്ഞില്ല. പ്രശ്‌നപരിഹാരത്തിനു ജോസഫ് റവന്യൂ വകുപ്പിന്റെ ഫയല്‍ അദാലത്തില്‍ അപേക്ഷ നല്‍കിയതും വിഫലമായി.
ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ടു വൈത്തിരി തഹസില്‍ദാര്‍(ഭൂരേഖ) ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ജോസഫിന്റെ കൈവശമുണ്ടായിരുന്നതു തരിയോട് വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 782/1ല്‍പ്പെട്ട വനഭൂമിയാണെന്നാണ് പറയുന്നത്. സ്ഥലത്തിനു കൈവശരേഖ നല്‍കുന്നതിനു തടസ്സമുള്ളതായി കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 1989ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം നടന്ന സംയുക്ത പരിശോധനയുടെ രേഖകള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോസഫിനും കുടുംബത്തിനും പിന്തുണ അറിയിച്ചു കാര്‍ഷിക പുരോഗമനസമിതിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 11.30നു വൈത്തിരി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തുമെന്നു ചെയര്‍മാന്‍ പി.എം.ജോയി, കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ അറിയിച്ചു. ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഇരയാണ് ജോസഫെന്നു ഇവര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker