BANKINGBREAKING NEWSBUSINESS

കേന്ദ്രം സഹകരണ ബാങ്കുകളില്‍ പിടിമുറുക്കുന്നു, എല്ലാം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ബാങ്കിങ് നിയന്ത്രണത്തില്‍ വരുത്തിയ ഭേദഗതി സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കും. ഇതിനൊപ്പം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശംകൂടി ലഭിക്കണം.
സഹകരണ മേഖലയ്ക്ക് കോട്ടം തട്ടുന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ബാങ്ക് ഭരണസമിതിയുടെ കാലയളവ് മാറമ വരുത്താന്‍ ഉദ്ദേശിക്കുന്നു. സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനാകും. ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും ജീവനക്കാര്‍ക്കുമെതിരേ റിസര്‍വ് ബാങ്കിന് നടപടിയെടുക്കാനാകും.
സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങള്‍ സംസ്ഥാന നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയവും. അതിനാല്‍ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ അധികാരമുണ്ട്. എന്നാല്‍, ഭരണസമിതി തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസര്‍വ് ബാങ്കിനോ കേന്ദ്രസര്‍ക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. ഇതാണ് പുതിയ ഭേദഗതിയിലൂടെ മാറ്റാന്‍ ഉദ്ദേശിക്കുന്നത്.
ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കില്‍ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. ലയനം സഹകരണ ബാങ്കുമായാകണമെന്നുപോലും വ്യവസ്ഥയില്ല.ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരേ ആര്‍.ബി.ഐ.ക്ക് നടപടിയെടുക്കാം. മൊത്തം ഭരണസമിതിയെ പിരിച്ചുവിടാം. സംസ്ഥാനസര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നുമാത്രം.സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തിരഞ്ഞെടുപ്പ് നടത്താനും റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും
ഭരണസമിതി അംഗങ്ങളില്‍ 51 ശതമാനം പ്രൊഫഷണല്‍ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരോ ആകണംനിശ്ചിത ശതമാനം അംഗങ്ങള്‍ ഈ യോഗ്യതയില്ലാവരായാല്‍ റിസര്‍വ് ബാങ്കിന് ഇടപെടാം. രണ്ടുമാസത്തിനുള്ളില്‍ യോഗ്യതയുള്ളവരെ നിയമിക്കാന്‍ നിര്‍ദേശിക്കും. അതിനിടയില്‍ നിയമനം നടത്താനായില്ലെങ്കില്‍ ആര്‍.ബി.ഐ. സ്വന്തം നിലയ്ക്ക് ഒഴിവുനികത്തും.
ഇന്ത്യയില്‍ എവിടെയുള്ളവരെയും ആര്‍.ബി.ഐ.ക്ക് ഡയറക്ടറായി നിയമിക്കാം. ഇത് കോടതിയില്‍ ചോദ്യംചെയ്യാനുമാകില്ല.ഒരു ഭരണസമിതി അംഗത്തിന് എട്ടുവര്‍ഷമാണ് കാലാവധി. ചെയര്‍മാന്റെ കാലാവധി അഞ്ചുവര്‍ഷം. ചെയര്‍മാന്‍ മുഴുവന്‍ സമയ ജീവനക്കാരായിരിക്കും. റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന യോഗ്യതയില്ലാത്തയാളാണ് ചെയര്‍മാനെങ്കില്‍ അദ്ദേഹത്തെ ഭരണസമിതിയുടെമാത്രം ചുമതലയുള്ള പാര്‍ട് ടൈം ചെയര്‍മാനായി മാറ്റണം.ബാങ്കിന് പ്രത്യേകം മാനേജിങ് ഡയറക്ടറെ നിയമിക്കണം. പാലിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാം.
എന്തായാലും കേന്ദ്രം ഇത്തരത്തില്‍ ഒരു മാറ്റം കൊണ്ടുവന്നാല്‍ സഹകരണ മേഖലയുടെ തകര്‍ച്ചയിലേക്കേ അത് നയിക്കപ്പെടുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം തന്നെ മാറ്റപ്പെടുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Related Articles

Back to top button