ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെടുന്നതെങ്കില്‍ ഉത്തരവാദിത്തം ബാങ്കിനു തന്നെയെന്നു ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്. മഹാരാഷ്ട്രസ്വദേശിയായ ജെസ്ന ജോസിന് അനുകൂലമായി ജില്ലാ, സംസ്ഥാന ഫോറങ്ങള്‍ നല്കിയ ഉത്തരവിനെതിരെ എച്ച്ഡിഎഫ്സി ബാങ്ക് നല്കിയ ഹര്‍ജി ദേശീയ ഫോറം തള്ളി.
പ്രവാസിയായ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കപ്പെട്ടതിനു ബാങ്ക് നടപടിയെടുക്കാത്തതിനെതിരെയാണ് ജെസ്ന പിതാവു മുഖേന ജില്ലാ ഫോറത്തില്‍ പരാതി നല്‍കിയത്. ഫോറെക്സ് കാര്‍ഡുള്ള അക്കൗണ്ടില്‍ നിന്ന് 6000 യുഎസ് ഡോളര്‍ പിന്വലിക്കപ്പെട്ടെന്നായിരുന്നു കണ്ടെത്തിയത്.
അതേസമയം കാര്‍ഡ് സുരക്ഷിതമായി വയ്ക്കാതിരുന്നതും ഇടപാടുകളെക്കുറിച്ച് എസ്എംഎസ് സന്ദേശം വേണ്ടെന്ന് അക്കൗണ്ട് ഉടമ തീരുമാനിച്ചതുമാണു പ്രശ്നത്തിനു കാരണമെന്നു ബാങ്ക് വാദിച്ചു. കാര്‍ഡ് മോഷ്ടിക്കപ്പെട്ടിരിക്കാമെന്നു ബാങ്ക് വാദിച്ചെങ്കിലും അതിനുള്ള തെളിവു ഹാജരാക്കിയില്ല. കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാനോ വ്യാജകാര്‍ഡ് ഉപയോഗിച്ചിരിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. കാര്‍ഡ് മോഷ്ടിക്കപ്പെട്ടെന്നു തെളിവില്ലാത്തപ്പോള്‍ ഉത്തരവാദിത്തം ബാങ്കിനു തന്നെയാണ്. അക്കൗണ്ട് ഉടമയുടേതല്ല പിഴവെങ്കില്‍ ഉത്തരവാദിത്തം ബാങ്കിനെന്ന് റിസര്‍വ് ബാങ്ക് 2017 ജൂലൈ 6ന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുമുണ്ട്– ദേശീയ ഫോറം അംഗം ജി.വിശ്വനാഥന് ഉത്തരവില്‍ വിശദീകരിച്ചു.
ബാങ്കിന്റെ വാദങ്ങള്‍ തള്ളിയ ജില്ലാ ഫോറം 6,110 ഡോളറിനു തുല്യമായ ഇന്ത്യന്‍ രൂപയും 12% പലിശയും അക്കൗണ്ട് ഉടമയ്ക്കുണ്ടായ മാനസികപ്രയാസത്തിനു 40000 രൂപയും കേസ് നടത്തിപ്പു ചെലവായി 5000 രൂപയും നല്‍കണമെന്നു വിധിച്ചു. ഇതിനെതിരെ ബാങ്ക് നല്കിയ അപ്പീല്‍ സംസ്ഥാന ഫോറം തള്ളി. ഇതിനു പിന്നാലെയാണ് ഉത്തരവില്‍ ഇടപെടാന്‍ താല്പര്യമില്ലെന്ന് ദേശീയ ഫോറവും വ്യക്തമാക്കിയിരിക്കുന്നത്.