BANKINGBUSINESS

ബാങ്കില്‍ മിനിമം ബാലന്‍സ് ഇല്ലേ… പിഴയില്‍ നിന്ന് രക്ഷപെടാന്‍ മാര്‍ഗമുണ്ട്

ന്യൂഡല്‍ഹി: ആഗസ്റ്റ് ഒന്നുമുതല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കുന്നത് ബാങ്കുകള്‍ പുനഃരാരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് പിഴ ഈടാക്കരുതെന്ന് ധനമന്ത്രാലയമ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മൂന്ന് മാസത്തോളം ബാങ്കുള്‍ പിഴ ഇടാക്കുന്നത് നിര്‍ത്തി. കൊവിഡും സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മൂന്ന് മാസം അനുവദിച്ച ഈ ആനുകൂല്യം നീട്ടികൊണ്ട് മറ്റൊരു തീരുമാനവും വരാത്തതിനെ തുടര്‍ന്നായിരുന്നു ബാങ്കുകള്‍ വീണ്ടും പിഴ ഈടാക്കി തുടങ്ങിയത്.
രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. സാധാരണയായി 5,000 മുതല്‍ 10,000 രൂപ വരെയാണ് മിനിമം ബാലന്‍സ് ആയി കരുതേണ്ടത്. ഇത് പാലിക്കാത്തവരില്‍നിന്നാണ് ബാങ്കുകള്‍ പിഴ ഈടാക്കുക. പരിധി ഇല്ലാതെ എത്ര തുക വേണമെങ്കിലും പിഴയായി ബാങ്കുകള്‍ക്ക് ചുമത്താവുന്നതാണ്. ബാങ്കിന്റെ ബോര്‍ഡ് ആണ് പിഴ തുക സംബന്ധിച്ച് തീരുമാനമെടുക്കുക.
ഇതനുരിച്ച് വിവിധ ബാങ്കുകളുടെ പിഴ തുക വ്യത്യസ്തമായിരിക്കും. പലപ്പോഴും അക്കൗണ്ടിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ നിരക്കുകള്‍ ഈടാക്കുന്നത്. നഗര, അര്‍ദ്ധനഗര, ഗ്രാമീണ ബ്രാഞ്ച് ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് ചാര്‍ജുകള്‍ വ്യത്യാസമാണ്. ചില ബാങ്കുകള്‍ക്ക് ശരാശരി പ്രതിമാസ ബാലന്‍സിനെയും ബാലന്‍സ് കുറവിനെയും ആശ്രയിച്ച് വിവിധ ചാര്‍ജുകളുടെ സ്ലാബുകള്‍ ഉണ്ട്.
ഉപഭോക്താവ് അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ പ്രതിമാസം 75 രൂപ വരെ പിഴ ഈടാക്കും. മിനിമം ബാലന്‍സ് പരിപാലിക്കാത്ത സാഹചര്യത്തില്‍ പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയില്‍, കത്ത് അല്ലെങ്കില്‍ മറ്റ് മാധ്യമങ്ങള്‍ വഴി ബാങ്ക് ഉപഭോക്താക്കളെ അറിയിക്കും. ഈ സാഹചര്യത്തില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാനായി രണ്ട് മികച്ച മാര്‍ഗങ്ങളുണ്ട്. സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുക, ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകള്‍ അടയ്ക്കുക എന്നിവയാണവ. ഇവയിലൂടെ മിനിമം ബാലന്‍സ് പിഴ അടയ്ക്കുന്നതില്‍നിന്നും രക്ഷപ്പെടാം.

1.ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍

ശമ്പളം ലഭിക്കുന്ന മിക്ക വ്യക്തികള്‍ക്കും സാധാരണയായി സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കും. അഥവാ ഇനി ഇല്ലെങ്കില്‍ വ്യക്തിഗത ഉപയോഗത്തിനായി നിങ്ങള്‍ക്ക് ഒരു സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ കഴിയും. ഇത്തരത്തിലുള്ളവയെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍ എന്നാണ് വിളിക്കുന്നത്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പണമിടപാടുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക ബാങ്കുകളും ബിഎസ്ബിഡി അക്കൗണ്ടുകള്‍ ഓഫര്‍ ചെയ്യുന്നത്.
കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കി ഏതൊരാള്‍ക്കും ബിഎസ്ബിഡി അക്കൗണ്ട് എളുപ്പത്തില്‍ തുറക്കാനാകും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന അതേ പലിശനിരക്കാണ് ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്കും ലഭിക്കുക. സീറോ ബാലന്‍സ് അക്കൗണ്ടിന്റെയും സാധാരണ സേവിംഗ്‌സ് അക്കൗണ്ടിന്റെയും പ്രവര്‍ത്തനം ഒരുപോലെയാണ്. എന്നാല്‍ ബിഎസ്ഡിഎസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് ബാങ്കുകളനുസരിച്ച് വ്യത്യാസപ്പെടാം.
പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബിഎസ്ബിഡി അക്കൗണ്ട് സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, ഇത്തരം ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐയില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കില്ല. കാരണം ഒരു വ്യക്തിക്ക് രണ്ട് എസ്ബിഐ അക്കൗണ്ടുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ പ്രയോജനപ്പെടുത്താനാകുകയുള്ളൂ.

ബിഎസ്ബിഡി അക്കൗണ്ടിന്റെ സവിശേഷതകള്‍

അടിസ്ഥാന റുപേ എടിഎം, ഡെബിറ്റ് കാര്‍ഡ് സൗജന്യമായി നല്‍കും.വാര്‍ഷിക ചാര്‍ജുകള്‍ ബാധകമല്ല
NEFT / RTGS തുടങ്ങിയ ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയുള്ള പണത്തിന്റെ രസീത്/ക്രെഡിറ്റ് സൗജന്യമായിരിക്കും
കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ചെക്കുകളുടെ നിക്ഷേപം സൗജന്യമായിരിക്കും
പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിന് നിരക്ക് ഈടാക്കില്ല
അക്കൗണ്ട് അടയ്ക്കല്‍ നിരക്കുകളില്ലസ്വന്തം ബാങ്കിന്റെ എടിഎം വഴിയോ മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ വഴിയോ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം

2. ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകള്‍ അടയ്ക്കുക

യാതൊരു വിധ ഇടപാടുകളും നടത്താത്ത ബാങ്ക് അക്കൗണ്ടുകള്‍ അടയ്ക്കുന്നതാണ് ഉചിതം. ഇത് മിനിമം ബാലന്‍സ് വയ്ക്കുന്നതും മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുന്നതും ഇല്ലാതാകാന്‍ സഹായിക്കും. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ബാങ്ക് സന്ദര്‍ശിക്കുന്നത് കുറവാണ്. മിക്കവാറും ഓണ്‍ലൈന്‍ വഴിയാണ് ആളുകള്‍ പണമിടപാട് നടത്തുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ വഴിതന്നെ അക്കൗണ്ടുകള്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടോയെന്ന് അന്വേഷിക്കേണ്ടണ്ട്.
പ്രവര്‍ത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ അടയ്ക്കാന്‍ ആണ് ബാങ്കിംഗ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. 2014 ജൂലൈ 1 ന് പുറപ്പെടുവിച്ച ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം രണ്ട് വര്‍ഷത്തേക്ക് ഇടപാട് നടക്കാത്ത അക്കൗണ്ടുകള്‍ നിഷ്‌ക്രിയ അക്കൗണ്ടുകളായി പരിഗണിക്കും. അതിനാല്‍ ഇത്തരം അക്കൗണ്ടുകളില്‍നിന്ന് ബാങ്കുകള്‍ പിഴ ഈടാക്കേണ്ടതില്ല.
പ്രവര്‍ത്തനരഹിതമായ അക്കൗണ്ടിന് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ആ തുക തിരികെ ലഭിക്കുന്നതിനായി ക്ലെയിം ചെയ്യാവുന്നതാണ്. എങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക് സമയവും പരിശ്രമമവും ആവശ്യമായതിനാല്‍ അക്കൗണ്ട് എന്നെന്നേക്കുമായി അടയ്ക്കുന്നതായിരിക്കും മികച്ച ഓപ്ഷന്‍. ബാങ്ക് അക്കൗണ്ട് അടയ്ക്കുന്നതിന് മുമ്പ് എല്ലാ നിക്ഷേപങ്ങളും, വ്യവസ്ഥാപിത നിക്ഷേപ പദ്ധതികളും (എസ്‌ഐപികള്‍), തുല്യമായ പ്രതിമാസ തവണകളും (ഇഎംഐകള്‍), ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റും ആ അക്കൗണ്ടുമായി മറ്റ് ഓട്ടോമേറ്റഡ് ഇടപാടുകളും നിര്‍ബന്ധമായും ഡിലിങ്ക് ചെയ്യണം.

മിനിമം ബാലന്‍സ് നിയമങ്ങളില്‍ മാറ്റം വന്ന ബാങ്കുകള്‍
ആഗസ്റ്റ് ഒന്നു മുതല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ മിനിമം ബാലന്‍സ് നിയമങ്ങളിലാണ് മാറ്റം വന്നത്. അക്കൗണ്ട് ഉടമ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ആക്‌സിസ് ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും അക്കൗണ്ട് തരം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. ബാങ്ക് ഓഫ് മഹാരാഷ്ട്ര മിനിമം ബാലന്‍സ് ആവശ്യകത 1,500 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തി.

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker