ഹരിപ്പാട്: കരുവാറ്റ സഹകരണബാങ്കിലെ ലോക്കര്പൊളിക്കാന് മോഷ്ടാക്കള്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പണിപ്പെട്ടിരിക്കാമെന്ന് വിദഗ്ധര്‍. 30 വര്‍ഷം പഴക്കമുള്ള ലോക്കറാണ്. ലോക്കര്നിര്മിച്ച കമ്പനിയിലെ സാങ്കേതികവിദഗ്ധര്‍ വിശദമായി പരിശോധിച്ചശേഷമാണ് ഇക്കാര്യം പോലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചത്.
സാധാരണ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കാന്കഴിയാത്തവിധത്തിലാണ് ഇതിന്റെ നിര്‍മിതി. വെല്‍ഡിങ് ഗ്യാസും പാചകവാതകവും കൂട്ടിക്കലര്‍ത്തി അതീവസൂക്ഷ്മതയോടെയാണ് ലോക്കര്‍ പൊളിച്ചിരിക്കുന്നത്. അഞ്ചുകിലോ 430 ഗ്രാം 899 മില്ലിഗ്രാം സ്വര്‍ണാഭരണങ്ങളും 4,43,743 രൂപയുമാണ് കവര്‍ന്നത്. ആകെ 2,87,83,765 രൂപയുടെ നഷ്ടമുണ്ടായി. ഓഫീസ്മുറിയുടെ തൊട്ടുപിന്നിലായാണ് ലോക്കര്‍ സ്ഥാപിച്ചിരുന്നത്.
ലോക്കറിന്റെ വാതില്‍ രണ്ടുപാളി ഉരുക്കുകൊണ്ടുനിര്മിച്ചതാണ്. ഈ പാളികള്‍ക്കുള്ളില്‍ പ്രത്യേക രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുതയ്യാറാക്കിയ കടുപ്പമേറിയ കോണ്‍ക്രീറ്റാണ്. വാതിലിനു തൊട്ടുപിന്നിലായി ഉരുക്കുകൊണ്ടുള്ള ഗ്രില്ലുണ്ട്. ഇതിലെ 11 കമ്പികളില്‍ ഏഴെണ്ണം അറത്തുമാറ്റിയിട്ടുണ്ട്.
ലോക്കറിന്റെ വാതിലില്‍ നിലത്തോടുചേര്ന്ന് ചതുരാകൃതിയില്‍ ദ്വാരമുണ്ടാക്കിയശേഷം അകത്തുകയറിയാണ് ഗ്രില്‍ മുറിച്ചത്. ഗ്രില്ലില്‍നിന്ന് അല്പംമാറിയാണ് ആഭരണവും പണവും സൂക്ഷിച്ചിരുന്ന ചെസ്റ്റ്. ഇതിന്റെ വാതിലിനും രണ്ടുപാളിയുണ്ട്. ഇതും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചിരിക്കുകയാണ്. ഇങ്ങനെ ലോക്കര്‍ അഞ്ചിടത്തായി മുറിച്ചാണ് കവര്ച്ചനടത്തിയിരിക്കുന്നത്. ഒരുദിവസത്തിലധികം തുടര്‍ച്ചയായി ജോലിചെയ്താല്മാത്രമേ ഉരുക്കുപാളികളും കമ്പിയും മുറിക്കാന്കഴിയുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഓഗസ്റ്റ് 28മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയുള്ള ആറുദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതില്‍ ആദ്യദിവസങ്ങളില്‍ത്തന്നെ മോഷ്ടാക്കള്‍ അകത്തുകയറിയിരിക്കാമെന്നാണ് പോലീസ് നിഗമനം. മോഷ്ടാക്കളോ അവരുമായി ബന്ധമുള്ളവരോ നേരത്തേ ബാങ്കില്‍ നീരീക്ഷണം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു.
ചുറ്റുമതില്പോലുമില്ലാത്തതും ഏറെപഴക്കമുള്ള കെട്ടിടമുള്ളതുമായ ബാങ്കില്‍ വന്സമ്പാദ്യമുണ്ടെന്ന് പുറത്തുള്ള മോഷ്ടാക്കള്‍ക്ക് അറിയാന്‍വഴിയില്ല. ഇതുകൂടി പരിഗണിച്ചാണ് ആസൂത്രകര്‍ നേരത്തേ ബാങ്ക് നിരീക്ഷിച്ചിരിക്കാമെന്ന് പോലീസ് അനുമാനിക്കുന്നത്.