പ്രതികാരമെന്ന് പറഞ്ഞാല്‍ ഇതാണ്. 17 വര്‍ഷം മുന്‍പ് വായ്പ നിഷേധിച്ച അതേ ബാങ്ക് തന്നെ സ്വന്തമാക്കിയ 39 കാരന്റെ കഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. യുകെ സ്വദേശിയായ ആദം 21 വയസുള്ളപ്പോഴാണ് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ വായ്പക്കായി ബാങ്കിനെ സമീപിക്കുന്നത്. ചെറുപ്പമാണെന്നതുള്ളതും ഈ മേഖലയില്‍ വേണ്ടത്ര അനുഭവമില്ലെന്നും പറഞ്ഞ് ആദമിന്റെ ആവശ്യം ബാങ്ക് തള്ളി. ഇപ്പോള്‍ ആ ബാങ്ക് കെട്ടിടം തന്നെ വിലയ്ക്ക് വാങ്ങി പ്രതികാരത്തിന് എന്തു മധുരമാണെന്ന് തെളിയിക്കുകയാണ് ആദം.
17 വര്‍ഷമുള്ള കഥ ആദം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ ‘അന്ന് ഞാന്‍ വളരെ ടെന്‍ഷനിലായിരുന്നു. വായ്പ അനുവദിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ബാങ്കിലേയ്ക്ക് കാലെടുത്തു വച്ചത്. എന്റെ കൈയില്‍ അന്ന് സ്വന്തമെന്ന് പറയാന്‍ കുറേ പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രം.’ ആദം പറഞ്ഞു. വളരെ ചെറുപ്പമാണെന്നും, ബിസിനസ്സ് ചെയ്ത് പരിചയമില്ലെന്നുമെല്ലാമാണ് അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥ ആദത്തോട് പറഞ്ഞത്.
‘അതുകേട്ടപ്പോള്‍ അപമാനവും നിരാശയും സങ്കടവും എല്ലാം തോന്നി’ ആദം പറഞ്ഞു. ആകെയുണ്ടായിരുന്ന സെയില്‍സ്മാന്റെ ജോലി കൂടി സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ഉപേക്ഷിച്ചിട്ടാണ് ആദം വായ്പ തേടിയിറങ്ങിയത്. കൈവശമുണ്ടായിരുന്ന തുക ഉപയോഗിച്ച് ഓഫീസ് കെട്ടിടത്തിന്റെ വാടക നല്കി. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും തോറ്റുപിന്മാറില്ലെന്ന് ആദം ഇതിനോടകം ഉറപ്പിച്ചിരുന്നു.
ആദ്യത്തെ നാല് മാസം ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയില്‍ ഇരുന്ന് അദ്ദേഹം ക്ലയിന്റുകളെ ഓരോരുത്തരായി വിളിച്ചു. അതും കടംവാങ്ങിയ ഫോണില്‍. ‘ മേശയോ കസേരയോ വാങ്ങാന്‍ കൈയില്‍ പണമില്ലായിരുന്നു, നാലുമാസം തറയില്‍ ഇരുന്നാണ് ജോലികള്‍ ചെയ്തത്’ ആദം ഇന്‍സ്റ്റാഗ്രാമില്‍ എഴുതുന്നു. ‘ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു, ഇത് തുടരാന്‍ കഴിയുമോ എന്ന് സംശയിച്ച നാളുകള്‍. അടുത്തമാസത്തെ വാടകയും ബില്ലുകളും എങ്ങനെ അടക്കും എന്നോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍. എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായി. പക്ഷേ, തോറ്റ് പിന്മാറില്ലെന്ന കാര്യത്തില്‍ ഉറച്ചുനിന്നു’ അദ്ദേഹം പറഞ്ഞു.
ആദമിന്റെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനം വെറുതെയായില്ല. സാവധാനം ഒരു ഡെബ്റ്റ് മാനേജ്മെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2014ല്‍ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് (6.4 ദശലക്ഷം ഡോളര്‍) വില്‍ക്കുകയും ചെയ്തു. ഇന്ന് ആദമിന് സ്വന്തമായി അഞ്ച് മള്‍ട്ടി മില്യണ്‍ കമ്പനികളുണ്ട്. 61 മില്യണ്‍ ഡോളറാണ് ഇന്ന് ആദമിന്റെ ആസ്തി.